കോലഞ്ചേരി: അവിനാശി ബസപകടത്തില്നിന്നു ദൈവകൃപയും ഭാഗ്യവുംകൊണ്ടു മാത്രമാണു താന്‍ രക്ഷപ്പെട്ടതെന്ന് അപകടത്തില്‍ നിസാര പരിക്കുകളുമായി രക്ഷപ്പെട്ട ആന്മേരി.
തിരുവാണിയൂര്‍ മംഗലത്ത് വര്‍ഗീസിന്റെ ഇളയ മകളായ ആന്മേരി (22) കോലഞ്ചേരി എംഒഎസ്സി ആശുപത്രിയുടെ ജെ 2 വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയാണ്.
അപകടത്തെത്തുടര്‍ന്ന് തോളെല്ലിനേറ്റ പൊട്ടലും ശരീര വേദനകളും ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ ഉള്ളിലൊതുക്കുന്നു.
ബസില്‍ കൂടെയുണ്ടായിരുന്ന സഹയാത്രക്കാരുടെ ജീവനറ്റ ശരീരങ്ങള്‍ കണ്ടതിന്റെ ആഘാതം മുഖത്ത് നിഴലിക്കുമ്പോഴും നാട്ടിലെത്തി ഉറ്റവരുടെ മുഖങ്ങള്‍ കണ്ടതിന്റെ ആശ്വാസം കണ്ണില്‍ തിളങ്ങുന്നു.
ബംഗളൂരു തുംഗൂരിനടുത്ത് സിദ്ധാര്‍ത്ഥ് ഡന്റല്‍ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്തു വരികയാണ് ആന്മേരി. രണ്ട് ദിവസത്തെ അവധിക്ക് വീട്ടിലേക്ക് തിരിച്ചതായിരുന്നു.
പീനിയ ബസ്റ്റ് സ്റ്റാന്‍ഡില്‍നിന്നു ബസില്‍ കയറി ഡ്രൈവര്‍ സീറ്റിന് നേരേ പുറകിലുള്ള സീറ്റില്‍ ഇരിക്കുകയും ചെയ്തു. ബസ് സെറ്റില്‍മെന്റ് സ്റ്റോപ്പിലെത്തിയപ്പോള്‍ കണ്ടക്ടര്‍ ആന്‍ മേരിയോട് ബസിന്റെ മധ്യഭാഗത്തെ ഇടത് വശത്തുള്ള സീറ്റിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു.
ആ മാറിയിരിക്കൽ മരണത്തിൽനിന്നുള്ള രക്ഷപ്പെടലായി. രക്ഷാകരം നീട്ടിയ കണ്ടക്ടർ അപകടത്തില്‍ മരിക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലത്തെത്തിയ പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആന്‍ മേരിയെ യാത്രക്കാര്‍ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
രാവിലെയോടെ പെരുമ്പാവൂരെത്തിയ ആന്‍ മേരിയെ മാതാപിതാക്കള്‍ കൂടെ കൂട്ടി. കോലഞ്ചേരി എംഒഎസ്സിയില് ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലുള്ള ആന്‍ സുഖം പ്രാപിച്ചുവരുന്നു.