അരൂര്‍: അരൂരില്‍ 11 ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയുമായി പിടിയിലായ മൂന്നംഗ സംഘത്തിനൊപ്പം പിറ്റ്ബുള്‍ നായയും.
വാഹനപരിശോധനയ്ക്കു വരുന്നവരെ ഭയപ്പെടുത്താനാണ് കാണുമ്പോള്‍ തന്നെ ഭീകരത തോന്നുന്ന നായയെ ഇവര്‍ കൂടെ കൂട്ടിയത്.
പിടികൂടിയ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുത്തിയ നിലയിലായിരുന്നു നായ. ഉടമസ്ഥരോടു മാത്രം ഇണങ്ങി നില്ക്കുന്ന നായ ഭക്ഷണം ഒന്നും കഴിക്കാതിരിക്കുന്ന സാഹചര്യം വരുമെന്നതിനാല്‍ പ്രതികളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിടുകയായിരുന്നു.
അവശ്യം വേണ്ട സാഹചര്യത്തില്‍ ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാണ് നായയെ കൈമാറിയതും.
നീലഗിരി എരുമാട് സ്റ്റെഫിന് (25), കാസര്‍ഗോഡ് കുറോക്കാട് റെയ്സാ മന്‍സിലില്‍ മുഹമ്മദ് റസ്താന്‍ (27), കണ്ണൂര്‍ കൊഴുമല്‍ കരപ്പാത്ത് അഖില്‍ (25) എന്നിവരെയാണ് ഇന്നലെ 180ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹാഷിഷ് ഓയിലും സഹിതം എരമല്ലൂരിലെ പഴയ നിക്കോളസ് ആശുപത്രിക്കു സമീപത്തുനിന്നും പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. എംഡിഎംഎയും ഹാഷിഷ് ഓയിലും കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. നായയ്ക്കൊപ്പം സര്‍ജിക്കല്‍ ബ്ലേഡുകളും ഇവര്‍ കൈയില്‍ കരുതിയിരുന്നു.
വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവര്‍ക്ക് വില്പന നടത്താനായി ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നു നേരിട്ടു വാങ്ങിയാണ് പ്രതികള്‍ ലഹരിമരുന്നുകള്‍ കേരളത്തിലെത്തിച്ചത്.
ഗ്രാമിന് 2,000 മുതല്‍ 3,000 രൂപ വരെ വിലയ്ക്കായിരുന്നു വില്പന. പ്രതികളെ കോടതിയില്‍ ഹാജരാക്കി.