തൊടുപുഴ: വിചിത്രമായ അനൗണ്സ്മെന്റ് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി. സ്ഥാനാർഥി നിർണയത്തിലൂടെ വിവാദമായ ന്യൂമാൻ കോളജ് വാർഡിലാണ് സംഭവം.
കേരളത്തെ അനുദിനം പുരോഗതിയിലേക്ക് നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടത്തിന് നിങ്ങളുടെ അംഗീകാരമായി യുഡിഎഫ് സ്ഥാനാർഥിയെ വോട്ടുചെയ്തു വിജയിപ്പിക്കൂ.…
നമ്മുടെ സ്ഥാനാർഥി ഇതാ ഈ വാഹനത്തിനു പിന്നാലെ വരുന്നു, അനുഗ്രഹിക്കൂ, ആശീർവദിക്കൂ… എന്നിങ്ങനെയായിരുന്നു അനൗണ്സ്മെന്റ്.
ന്യൂമാൻ കോളേജ് ഉൾപ്പെടുന്ന 21-ാം വാർഡിലെ വോട്ടർമാരാണ് വിചിത്രമായ അനൗൺസ്മെന്റ കേട്ട് ഉൗറിച്ചിരിച്ചത്. ഇന്നലെ രാവിലെ 8.30-നാണ് ഈസ്റ്റ് വിജ്ഞാന മാതാ പള്ളിക്ക് സമീപം വിചിത്രമായ അനൗണ്സ്മെന്റ് നടത്തിയത്.
എന്തായാലും എൽഡിഎഫ് സർക്കാരിന് അംഗീകാരം നൽകൂ എന്ന വാക്ക് വന്നതോടെ ശബ്ദം നിലച്ചു.
സ്ഥാനാർഥിയുടെ പേര് പറഞ്ഞ ശേഷം റിക്കാർഡ് ചെയ്ത ഭാഗം ഇടുകയായിരുന്നു. തലേ ദിവസം ഇടതുമുന്നണിക്ക് ഉപയോഗിച്ച റിക്കാർഡ് ഉപയോഗിച്ചതാണ് അബദ്ധം പറ്റാൻ കാരണമെന്നറിയുന്നു.
സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫ് അനുയായികൾ ഇടഞ്ഞു നിൽക്കുന്ന വാർഡിലാണ് ഇടതു മുന്നണിയുടെ നേട്ടത്തിന് യുഡിഎഫിന് വോട്ടു ചെയ്യാൻ തെറ്റായ അനൗണ്സ്മെന്റ് വന്നത്.