വരാന്‍ പോകുന്നത് അതിവിനാശകരമായ ആണവയുദ്ധമെന്ന് ഹാക്കര്‍മാരുടെ ഗ്രൂപ്പായ അനോണിമസ്. പല രാജ്യങ്ങളും ആണവയുദ്ധത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ശ്രദ്ധയോടെയിരിക്കുക മാത്രമാണ് ഇനി ജനത്തിന് ചെയ്യാനാവുക. മൂന്നാം ലോക മഹായുദ്ധം നമ്മുടെ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. ഹാക്കര്‍മാരുടെ രാജ്യാന്തര കൂട്ടായ്മയായ അനോണിമസിന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് ഇങ്ങനെ പറയുന്നത്.
ആസന്നമായ യുദ്ധത്തെക്കുറിച്ച് ലോകരാജ്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയാണെന്നും അനോണിമസ് ആരോപിക്കുന്നു. എന്നാല്‍ ജപ്പാനും അമേരിക്കയും ഓസ്‌ട്രേലിയയും അടക്കമുള്ള വന്‍ശക്തികള്‍ യുദ്ധത്തിന്റെ സൂചനകള്‍ ജനങ്ങള്‍ക്ക് പരോക്ഷമായി നല്‍കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ജപ്പാന്‍ ഒരുപടി മുമ്പിലാണെന്നും അനോണിമസ് പറയുന്നു. ആണവയുദ്ധത്തെ പ്രതിരോധിക്കാനുള്ള ആയുധങ്ങളുടെ വില്‍പ്പന ജപ്പാനില്‍ തകൃതിയായി നടക്കുന്നു. ആണവസ്‌ഫോടനമുണ്ടാകുന്നതിന് 10 മിനിറ്റു മുന്‍പു മാത്രമേ മുന്നറിപ്പ് നല്‍കാനാകൂവെന്നും ജാപ്പനീസ് സര്‍ക്കാര്‍ ജനത്തെ അറിയിച്ചു കഴിഞ്ഞു. സൈനികത്താവളങ്ങള്‍ക്ക് സമീപത്തു താമസിക്കുന്നവര്‍ക്കായിരിക്കും ഈ മുന്നറിയിപ്പ്. ഓരോരുത്തരും താമസിക്കുന്നതിനു സമീപത്തെ ഏറ്റവും കരുത്തുറ്റ കെട്ടിടത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ ഏതു നിമിഷവും തയാറായിരിക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളെ അറിയിച്ചതായി അനോണിമസ് വ്യക്തമാക്കുന്നു.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അനോണിമസ് രൂപം കൊള്ളുന്നത്.വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ ഒളിപ്പിക്കുന്ന ഡേറ്റകള്‍ ജനങ്ങളിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം യൂട്യൂബില്‍ മാത്രം അഞ്ചുലക്ഷത്തിലേറെപ്പേര്‍ കണ്ടു. സംഗതി ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഹാക്ക് ചെയ്‌തെടുത്ത ഡേറ്റയില്‍ നിന്നുള്ള വിവരങ്ങളാണോ അനോണിമസിനെ ഇത്തരമൊരു വിഡിയോ പുറത്തിറക്കാന്‍ പ്രേരിപ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
ഉത്തര-ദക്ഷിണ കൊറിയന്‍ മേഖലകളിലെ നീക്കങ്ങള്‍ നിരീക്ഷി്ച്ചതിനു ശേഷമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നാണ് അനോണിമസ് പറയുന്നത്. അതായത് നിലവിലെ സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാല്‍ മൂന്നാം ലോകമഹായുദ്ധം വരുമെന്നതിന്റെ സൂചനകള്‍ ‘വരികള്‍ക്കിടയില്‍’ നിന്ന് വായിച്ചെടുക്കാമെന്നും അനോണിമസ് പറയുന്നു. ഏഴു മിനിറ്റിനടത്ത് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കിഴക്കനേഷ്യന്‍ പ്രദേശങ്ങളിലെ അമേരിക്കയുടെ സൈനിക സാന്നിധ്യവും ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പുകളും വിശകലനം ചെയ്യുന്നുണ്ട്.
ലോകത്തിലെ വന്‍ശക്തികളായ മൂന്നുരാജ്യങ്ങളായിരിക്കും യുദ്ധത്തിനു ചുക്കാന്‍ പിടിക്കുക. തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ ഇവരിലാരുടെയെങ്കിലും പക്ഷം പിടിക്കാന്‍ നിര്‍ബന്ധിതരാവും. എന്നാല്‍ ഈ മൂന്നു രാജ്യങ്ങള്‍ ഏതാണെന്ന് പറയുന്നില്ല. യുഎസ്, ചൈന, ഉത്തര–ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പ്രതിപാദിക്കുന്നുണ്ടെങ്കിലും വിഡിയോയില്‍ റഷ്യയെപ്പറ്റി പരാമര്‍ശമില്ലെന്നതും ശ്രദ്ധേയമാണ്. കിഴക്കനേഷ്യയില്‍ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളെയും വിഡിയോ വിവരിക്കുന്നു: ദക്ഷിണകൊറിയയിലേക്ക് അമേരിക്കയുടെ THAAD ബാലിസ്റ്റിക് മിസൈല്‍ എത്തിച്ചതാണ് അവയില്‍ ഏറ്റവും പ്രധാനം. അടുത്തിടെ യുഎസ് നടത്തിയ Minuteman 3 ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തെപ്പറ്റിയും വിഡിയോ പ്രതിപാദിക്കുന്നു.
ചൈനയാകട്ടെ തങ്ങളുടെ പൗരന്മാരോടെല്ലാം ഉത്തരകൊറിയ വിട്ട് തിരികെ വരാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഉത്തരകൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് സൈനികനീക്കവും ശക്തമാക്കി. ഉത്തരകൊറിയയില്‍ നിന്നുള്ള വന്‍ അഭയാര്‍ഥിപ്രവാഹം പ്രതീക്ഷിച്ചാണിത്. രാജ്യാന്തര തലത്തില്‍ ഉത്തരകൊറിയക്ക് ഉണ്ടെന്നു പറയാവുന്ന ഒരേയൊരു സഖ്യം ചൈനയുമായാണ്. അമേരിക്കയെ നിലയ്ക്കു നിര്‍ത്തേണ്ടത് ചൈനയുടെ ആവശ്യവും. ഉത്തര കൊറിയയുടെ കയ്യില്‍ അമേരിക്കയിലേക്ക് തൊടുക്കാവുന്ന വിധം ന്യൂക്ലിയര്‍ മിസൈലുകളില്ലെന്നതും സത്യം. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയക്കായി ചൈന ന്യൂക്ലിയര്‍ ആയുധങ്ങള്‍ കൈമാറുമോയെന്ന ആശങ്കയും അനോണിമസ് പങ്കുവയ്ക്കുന്നു. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സമാധാന ശ്രമങ്ങള്‍ ഒരു പുരോഗതിയും ഉണ്ടാക്കുന്നില്ലെന്നും അനോണിമസ് പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപാകട്ടെ ഓസ്‌ട്രേലിയയിലേക്ക് ആയിരത്തിലേറെ സൈനികരെയും പോര്‍വിമാനങ്ങളെയും അയച്ചു കഴിഞ്ഞു. ഫിലിപ്പീന്‍സ് പ്രസിഡന്റുമൊത്തുള്ള ട്രംപിന്റെ പുതുബാന്ധവത്തെപ്പറ്റിയും അനോണിമസ് സംശയാലുവാകുന്നുണ്ട്. അതേസമയം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നില്‍ നിന്ന് അകലം പാലിക്കുന്നതാണു നല്ലതെന്നാണ് ഫിലിപ്പീന്‍സില്‍ നിന്ന് ട്രംപിന് ലഭിച്ചിരിക്കുന്ന ഉപദേശം. രാജ്യാന്തരതലത്തില്‍ പാരിസ്ഥിതികമായും സാമ്പത്തികമായും വന്‍ ആഘാതമായിരിക്കും യുദ്ധം സൃഷ്ടിക്കുകയെന്നും വിഡിയോ വ്യക്തമാക്കുന്നു.
മിക്ക രാജ്യങ്ങളിലെയും ഉന്നതര്‍ക്ക് യൂദ്ധം സംബന്ധിച്ച അറിയിപ്പ് കിട്ടിക്കഴിഞ്ഞു. പക്ഷേ പൊതുജനങ്ങളായിരിക്കും ഇക്കാര്യം ഏറ്റവും അവസാനം അറിയുക. ഈ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അറിയിക്കാനും മുന്‍കരുതലെടുക്കാനുമാണ് തങ്ങള്‍ ഈ വിഡിയോ പുറത്തിറക്കുന്നതെന്നും ഇതിന് പരമാവധി പ്രചാരണം നല്‍കണമെന്നും അനോണിമസ് ആവശ്യപ്പെടുന്നു. ആഗോളതലത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന യഥാര്‍ഥ ലോകമഹായുദ്ധമാണ് വരുന്നതെന്നും ഈ ഇവര്‍ ഓര്‍മപ്പെടുത്തുന്നു. Prepare for what comes next… എന്ന മുന്നറിയിപ്പുമായാണ് അനോണിമസ് വിഡിയോ അവസാനിപ്പിക്കുന്നത്.