സമൂഹമാധ്യമങ്ങളിലൂടെ നവദന്പതികളെ അപകീർത്തിപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെയാണ് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കേസ് തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് രണ്ടുവർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.
കണ്ണൂർ ചെന്പന്തൊട്ടി സ്വദേശിനി ജൂബി ജോസഫിന്റെ പരാതിയിലാണ് പോലീസ് നടപടി. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ അനൂപും ഷാർജയിൽ സ്വകാര്യ കന്പനി ജീവനക്കാരിയായ ജൂബിയും അടുത്തിടെയാണ് വിവാഹിതരായത്. എന്നാൽ ഇതിനുശേഷം വിവാഹ പരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേർത്ത് തങ്ങൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയായിരുന്നു എന്ന് ജൂബി പരാതിയിൽ പറയുന്നു.
സംഭവത്തിൽ ജോസ്ഗിരിയിലെ റോബിൻ തോമസ് എന്ന യുവാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. “പെണ്ണിനു വയസ് 48, ചെക്കന് വയസ് 25, പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവൻ, 50 ലക്ഷം, ബാക്കി പുറകെ വരും’ എന്ന കമൻറോടുകൂടിയാണ് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഇയാൾ പ്രചാരണം നടത്തിയതെന്നും പരാതിയിലുണ്ട്.
നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത് ഷെയർ ചെയ്തിട്ടുണ്ട്. യുവതി പരാതി നൽകിയതോടെ പലരും ഷെയർ ചെയ്തത് ഡിലീറ്റ് ചെയ്തു. കേസ് വരുമെന്ന ഭീതിയിൽ ഗ്രൂപ്പ് അഡ്മിൻമാർ ഇവരെ പുറത്താക്കുകയും ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തിട്ടുമുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ എല്ലാവരെയും കണ്ടെത്താൻ ശ്രമിക്കുകയാണ് പോലീസ്.