നിപ്പാ വൈറസിന്റെ കടന്നുവരവോടെ വവ്വാലിനെയാണ് മലയാളികള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. വവ്വാലാണ് വൈറസ് പരത്തുന്നതെന്നായിരുന്നു വാദം. അതോടെ വവ്വാലിനെ നാട്ടില്‍ നിന്ന് ഓടിക്കാനായി പലരുടെയും ശ്രമം.
എന്നാല്‍ വിവിധ പരിശോധനാ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ മനസിലായത്, വൈറസ് പരത്തുന്നത്, വവ്വാലല്ലെന്നുമാണ്. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് പ്രതികരണവുമായി നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നു.
അനൂപ് ചന്ദ്രന്‍ പറയുന്നത് ഇങ്ങനെ;
‘ഇന്ന് കേരളം സംസാരിക്കുന്നത് വവ്വാലിനെ കുറിച്ച് ആണ്. കുറച്ച് കാലം മുമ്പ് കേരളം സംസാരിച്ചിരുന്നത് തവളകളെ കുറിച്ച് ആണ്. ഇവിടെ എന്തുകൊണ്ട് കീടനാശിനികളുടെ ആവശ്യം ഇല്ല എന്നതിനെക്കുറിച്ച് ബോണ്‍സാന്റൊ കമ്പനി മുന്‍പ് കേരളത്തില്‍ വന്ന് റിസര്‍ച്ച് നടത്തി.
അതിന്റെ ഫലം വന്നത്, ഇവിടെ തവള എന്ന ജീവിയുള്ളതു കൊണ്ടാണെന്നായിരുന്നു. പിറ്റേദിവസം അമേരിക്ക തീരുമാനിച്ചു തവളകളെ മുഴുവനും കയറ്റി വിടാന്‍. അന്ന് പെട്രോള്‍ മാക്‌സുമായി തവള പിടിക്കാന്‍ പോയവരാണ് നമ്മള്‍ മലയാളികള്‍.
ഇന്ന് വവ്വാലിന്റെ പുറകെയാണ്, വവ്വാലിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? ഏറ്റവും ശ്രേഷ്ഠമായ ഫലം മാത്രം ഭക്ഷിക്കുകയും ആ ഫലത്തിന്റെ കുരു പ്രകൃതിയുടെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു ശ്രേഷ്ഠ ജീവിയാണ് വവ്വാല്‍.
വവ്വാല്‍ കൂടെ ഇല്ലാതായാല്‍ ഫലവൃക്ഷ തൈകള്‍ ഇല്ലാതാകും. തവള ഇല്ലാതായപ്പോള്‍ നമുക്ക് കൃഷി ഇല്ലാതായി. ഇനി വവ്വാലും കൂടി ഇല്ലാതായാല്‍ എല്ലാം പൂര്‍ണമാകും. ഈ പൂര്‍ത്തികരണത്തെ നമ്മള്‍ അംഗീകരിക്കണോ വേണ്ടയോ? ഇതാണ് എന്റെ ചോദ്യം.
പണ്ട് ഞാന്‍ അഭിപ്രായം പറഞ്ഞപ്പോള്‍ എന്റെ അമ്മൂമ്മ എന്നോട് ചോദിച്ചു നിന്നെ ആരാടാ വവ്വാല്‍ ആണോ ചപ്പിയത്. വവ്വാല്‍ കണ്ടവരെ ഒന്നും ചപ്പില്ലാ നിലവാരം ഉള്ളവരെ മാത്രമേ ചപ്പൂ എന്ന്. അങ്ങനെ ചപ്പിയതുകൊണ്ടാണ് കേരളം പിടിച്ചുനില്‍ക്കുന്നത് എന്ന ബോധം നമ്മുക്ക് എല്ലാവര്‍ക്കും ഉള്ളത് നല്ലതാണ്.
ഒരോ ആണ്ടിലും ഓരോ പേരിലും ഓരോ പണി വരുന്നത് ചിലരുടെ തന്ത്രമാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മലയാളികളേ പ്ലീസ് നിങ്ങള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കൂ… ഇതാണ് എന്റെ അഭ്യര്‍ഥന.’