തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ ഉഭയകക്ഷി ചർച്ചകൾ തുടങ്ങി. ഒരു സീറ്റ് അധികം വേണമെന്ന ആവശ്യവുമായി രംഗത്തുള്ള മുസ്ലിം ലീഗിനും കേരള കോണ്ഗ്രസ്-എമ്മിനും പുറമേ സീറ്റ് ആവശ്യവുമായി കേരള കോണ്ഗ്രസ്-ജേക്കബ് വിഭാഗവും രംഗത്തുവന്നു.
ഇടുക്കി സീറ്റ് തങ്ങൾക്ക് വേണമെന്നാണ് ജേക്കബ് വിഭാഗത്തിന്റെ അവകാശവാദം. ഇക്കാര്യം പാർട്ടിയുടെ ഏക എംഎൽഎയായ അനൂപ് ജേക്കബ് രേഖാമൂലം നേതൃത്വത്തെ അറിയിച്ചു. 25 വർഷമായി യുഡിഎഫിന് ഒപ്പം നിൽക്കുകയാണെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിലെങ്കിലും അർഹമായ പ്രാധിനിത്യം വേണമെന്നും അനൂപ് ആവശ്യപ്പെട്ടു.
സീറ്റില്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയറാകില്ല. ഇടുക്കി സീറ്റ് വേണമെന്നത് പാർട്ടിയിലെ പൊതു നിലപാടാണ്. നേതൃത്വം അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപ് ജേക്കബ് പറഞ്ഞു.
ഇടുക്കിയിൽ കണ്ണുംനട്ടിരിക്കുന്ന കേരള കോണ്ഗ്രസ്-എമ്മിനും ജേക്കബ് വിഭാഗത്തിന്റെ നീക്കം തലവേദന സൃഷ്ടിക്കും. കഴിഞ്ഞ ദിവസം ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ കേരള കോണ്ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങൾ യുഡിഎഫ് യോഗത്തിൽ ഇടുക്കി സീറ്റ് ആവശ്യപ്പെടും എന്നകാര്യം ജോസഫിനെ അറിയിക്കാനായിരുന്നു ജോണി നെല്ലൂരിന്റെ കൂടിക്കാഴ്ച.
രാവിലെ ഉഭയകക്ഷി ചർച്ചകൾ വിവിധ കക്ഷികളുമായി നേതൃത്വം തുടങ്ങി. ആർഎസ്പി നേതൃത്വവുമായി കോണ്ഗ്രസ് നേതാക്കൾ ചർച്ച നടത്തി. അധികസീറ്റ് ആവശ്യം ഉന്നയിക്കാത്തതിനാൽ ആർഎസ്പിയുമായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാകും. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കി അടുത്ത ആഴ്ച ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.