കൊച്ചി: മാലിന്യം വലിച്ചെറിയുന്ന ശീലം നമ്മളെ രോഗികളാക്കുന്നുവെന്ന് അനൂപ് ജേക്കബ് എംഎൽഎ. അരയങ്കാവ് എസ്എൻഡിപി ഹാളിൽ നടന്ന ലോക മലന്പനി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിശുചിത്വത്തിൽ എന്ന പോലെ പരിസര ശുചിത്വത്തിലും ശ്രദ്ധ ചെലുത്തിയാൽ മാത്രമേ മലന്പനി പോലുള്ള സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ്, ആന്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഇന്ദിരാ ധർമരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, ഗ്രാമ പഞ്ചായത്ത് അഗം ബിജോയ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. എൻ.എസ്. സീന, ഡോ. വിപിൻ മോഹൻ, ഹെൽത്ത് സൂപ്പർവൈസർ പി.എസ്. ഗിലൻ എന്നിവർ പങ്കെടുത്തു.
ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായാണു ദിനാചരണം സംഘടിപ്പിച്ചത്. ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷനുകൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവരും പങ്കെടുത്തു.
മലന്പനി ദിനാചരണത്തിന്റെ ഭാഗമായി കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വർണശബളമായ ആരോഗ്യ സന്ദേശ റാലി, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ്, സ്കിറ്റ്, പ്രദീപ് കുലാനി അവതരിപ്പിച്ച ചാക്യാർ ഷോ എന്നിവ നടന്നു.