ശ്രീകണ്ഠപുരം: സമൂഹ മാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ കേസിൽ പരാതിക്കാരിയായ യുവതി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകി. തളിപ്പറമ്പ് ജുഡീഷൽ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഇവർ രഹസ്യമൊഴി നൽകിയത്.
പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി വിചാരണ സമയത്ത് മൊഴി മാറ്റാതിരിക്കാൻ കോടതിയുടെ നിർദേശപ്രകാരമാണ് മൊഴി നൽകിയത്. ഇതോടെ വിചാരണ സമയത്ത് കൂറുമാറ്റം തടയാനാകും. വരനേക്കാൾ ഇരട്ടിയോളം പ്രായം വധുവിനുണ്ടെന്ന തെറ്റായ കമന്റ് രേഖപ്പെടുത്തിയും സ്ത്രീധനത്തിനായാണ് വിവാഹം കഴിച്ചതെന്നും അധിക്ഷേപിച്ച് വാട്സാപിലൂടെയും ഫെയ്ബുക്കിലൂടെയും ദമ്പതികൾക്കെതിരെ പ്രചാരണം നടത്തിയെന്നാണ് കേസ്.
കേസിൽ ആകെ 11 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.’ശ്രീകണ്ഠപുരം നഗര വിശേഷങ്ങൾ’ എന്ന വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ഷെയർ ചെയ്ത യുവാവും പുലിക്കുരുമ്പ വാട്സാപ്പ് ഗ്രൂപ്പിലെ രണ്ട് അഡ്മിൻമാരുമാണ് ഇനി പിടിയിലാകാനുള്ളത്.
വിദേശത്തുള്ള ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിനായി പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ഇവരുടെ വീടുകളിലെത്തിയെങ്കിലും ലഭ്യമായില്ല. ഇതോടെ കോഴിക്കോട് എമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ്.ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.