അഭിനയ മികവുകൊണ്ട് സൂപ്പര്‍താരത്തിന്റെ നിരയിലേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ് ജനപ്രിയ താരമെന്നുകൂടി വിളിപ്പേരുള്ള നടന്‍ ജയസൂര്യ. തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവും അതിനുവേണ്ടി എടുക്കുന്ന പ്രയത്‌നവുമാണ് ജയസൂര്യയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ ഒപ്പമോ അതിനു മുമ്പോ ഈ ഫീല്‍ഡില്‍ എത്തിയ പലരെയും കടത്തിവെട്ടിയാണ് ജയസൂര്യയുടെ മുന്നേറ്റം.
ഏറ്റവും ഒടുവില്‍ ജയസൂര്യ ചെയ്ത, ഇപ്പോള്‍ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ഞാന്‍ മേരിക്കുട്ടിയാണ് അദ്ദേഹത്തിന്റെ മികവിന് പുതിയ ഉദാഹരണമായിരിക്കുന്നത്. സിനിമാമേഖലയില്‍ നിന്നടക്കമുള്ള നിരവധിയാളുകള്‍ സിനിമയിലെ ജയസൂര്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ജയസൂര്യയോടൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുമായ അനൂപ് മേനോനാണ് ഇപ്പോള്‍ ജയസൂര്യയെ പ്രശംസിച്ച് എത്തിയിരിക്കുന്നത്.
അനൂപ് മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
ഇന്നലെ ‘ഞാന്‍ മേരിക്കുട്ടി’ കണ്ടു. രഞ്ജിത്തിന്റെയും ജയസൂര്യയുടെയും സിനിമ കാണാനാണ് പോയത്. രഞ്ജിത്തിനെ കണ്ടു….. ജയസൂര്യയെ കണ്ടില്ല…..ഒരു ഭൂത കണ്ണാടിയിലും ആ സിനിമയില്‍ ജയസൂര്യ എന്ന വ്യക്തി, നടന്‍ തെളിയില്ല….
മുന്നില്‍ ഇതള്‍ വിരിയുന്ന കഥയില്‍ ‘മേരിക്കുട്ടി’ മാത്രം….. ജയസൂര്യ ഇല്ലേയില്ല…..സിനിമയ്ക്കും മുകളില്‍ ‘നടന്‍’ ജ്വലിച്ചു നില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചകളില്‍ ഒന്നാണ് മേരിക്കുട്ടി, ജയസൂര്യയുടെ അഭിനയ മികവില്‍ മറ്റെല്ലാം മറന്ന്, സന്ദര്‍ഭങ്ങളെയും, ഉപകഥാപാത്രങ്ങളെയും മറന്ന് മേരിക്കുട്ടിയുടെ മനസ്സിനൊപ്പം മാത്രം നടത്തുന്ന ഒരു വൈകാരികയാത്രയാവുന്നു ആ സിനിമ.
ഞാന്‍ എന്ന സഹപ്രവര്‍ത്തകനെ, തിരക്കഥാകൃത്തിനെ ബ്യൂട്ടിഫുള്ളിലും, ട്രിവാന്‍ഡ്രം ലോഡ്ജിലും, ഡേവിഡ് & ഗോലിയത്തിലും, ഗ്യാങ്സ് ഓഫ് വടക്കുനാഥനിലും പകര്‍ന്നാട്ടങ്ങളിലൂടെ കണ്മുന്നില്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ജയന്‍ പലവട്ടം….
പക്ഷെ ഇന്ന് അത്ഭുതമല്ല… ആദരവാണ്.. ആത്മസുഹൃത്തോ സഹപ്രവര്‍ത്തകനോ അല്ല…… ഞാനിന്ന് അവന്റെ ആരാധകനാണ്..