ചാണകം വിറ്റാൽ മാസം പതിനായിരം രൂപ. ഒന്പതിനായിരം ലിറ്റർ പാൽ മാസംതോറും വിൽക്കുന്നതിന്റെ വരുമാനം വേറെ. മറവൻതുരുത്ത് വാക്കയിൽ അനൂപ് എന്ന എംഎസ്സി ബിരുദധാരിയുടെ അനുഭവത്തിൽ ചാണകം മെച്ചപ്പെട്ട വരുമാനമാണ്.
ടെറസിലെ കൃഷി സജീവമായതോടെ എറണാകുളത്തുനിന്നും ചാണകം വാങ്ങാൻ ദിവസവും വാഹനവുമായി ആളുകളെത്തുന്നു. ദിവസം 25 ചാക്ക് ചാണകം അനൂപ് വിൽക്കും. ആറു മാസത്തെ അഡ്വാൻസ് ബുക്കിംഗുണ്ട് ചാണകത്തിന്.
സ്വന്തമായുണ്ടായിരുന്ന വാക്കയിൽ ട്രാവൽ ഏജൻസി മൂന്നു വർഷം മുന്പ് നിറുത്തിയാണ് അനൂപ് തൊഴുത്തിലേക്കു കാൽവച്ചത്. അനൂപിന്റെ പിതാവ് ബി. രവികുമാർ ആയുർവേദ ഡോക്ടറാണ്. ആയുർവേദ മരുന്നുകൾ തയാറാക്കുന്നതിനു വേണ്ട പാലും നെയ്യും ഗോമൂത്രവും ലഭിക്കാൻ വീട്ടിൽ മുന്പുതന്നെ മൂന്നു നാലു പശുക്കളെ വളർത്തിയിരുന്നു. അങ്ങനെ തുടങ്ങിയ പശുക്കന്പം വളർന്ന് ഇപ്പോൾ സ്വന്തം ഫാമിൽ ജേഴ്സി, ഗീർ, എച്ച്എഫ്, ജേഴ്സി ക്രോസ് ഇനത്തിൽപെട്ട 23 പശുക്കളും 16 കിടാരികളുമുണ്ട്.
പുലർച്ചെ മൂന്നിന് അനൂപ് ഫാമിലെത്തി ആറുമണിയോടെ പശുക്കളെ കറന്നു പാൽ സംഘം വക സ്റ്റോറിലെത്തിക്കും. വീട്ടിലും പാൽ വിൽപനയുണ്ട്. കൂടാതെ നെയ്യും വെണ്ണയും വിൽക്കാനുണ്ട്. സംസ്കരിച്ച ചോളമാണ് പ്രധാന തീറ്റ. തീറ്റപ്പുൽ കൃഷിയുമുണ്ട്. പച്ചയ്ക്കും ഉണങ്ങിയും ബാഗിലാക്കിയുമൊക്കെയാണു ചാണകവിൽപന. ചാണകം സിമന്റ് ചാക്കിലാക്കി അട്ടിയിട്ടു വയ്ക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ വെള്ളം വറ്റി ചാണകം വിൽപനയ്ക്ക് തയാറാകും.
ചാക്കൊന്നിന് 100 രൂപ വില ഉറപ്പ്. പച്ചച്ചാണകം ചാക്കിന് 25 രൂപ നിരക്കിൽ വിൽക്കും. വേനൽക്കാലത്ത് ചാണകം ഉണക്കി പൊടിയാക്കിയും വിൽപനയുണ്ട്. തൊഴുത്ത് കഴുകുന്ന വെള്ളം റീസൈക്കിൾ ചെയ്യാനുള്ള സജ്ജീകരണവും ഫാമിൽ കാണാം. പശുക്കളെ ദിവസവും കുളിപ്പിക്കേണ്ട കാര്യമില്ല. ബ്രഷിംഗും മസാജിംഗുമാണ് പ്രധാനമെന്നാണ് അനൂപിന്റെ അനുഭവം.
150 പശുക്കളുള്ള വലിയ ഫാം തുടങ്ങാനുള്ള തയാറെടുപ്പിലാണ് അനൂപ്. പാലിനു മെച്ചപ്പെട്ട വിലയും ചാണകത്തിന് ആവശ്യക്കാരുമുള്ളപ്പോൾ പശു പണപ്പെട്ടി നിറയ്ക്കുമെന്നാണ് അനൂപിന്റെ പക്ഷം.