ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്ക് വേണ്ടിയുള്ള യോഗ്യതാ പരീക്ഷ വീണ്ടും വിവാദത്തില്‍. ഇത്തവണ മലയാളി കൂടിയായ നടി അനുപമ പരമേശ്വരന്റെ ഫോട്ടോ പതിച്ച മാര്‍ക്ക് ലിസ്റ്റാണ് വൈറലായത്.
ഇതിനെതിരേ ബീഹാറില്‍ പ്രതിപക്ഷ കക്ഷികള്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്. ഋഷികേശ് കുമാര്‍ എന്നയാളുടെ മാര്‍ക്ക് ഷീറ്റ് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പക്ഷെ ഋഷികേശ് കുമാറിനന്റെ ഫോട്ടോയ്ക്കു പകരം മാര്‍ക്ക് ലിസ്റ്റിലെ ഫോട്ടോ നമ്മുടെ സ്വന്തം നടി അനുപമയുടെതാണ്.
ഉര്‍ദു, സംസ്കൃതം, സയന്‍സ് വിഷയങ്ങളുടെ മാര്‍ക്കുകള്‍ അടങ്ങിയ ഷീറ്റാണ് പുറത്തു വന്നിരിക്കുന്നത്. 2021 മാര്‍ച്ചിലാണ് എസ്ടിഇടി പരീക്ഷാഫലം പ്രഖ്യാപിച്ചത്.
എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ചില വിഷയങ്ങളുടെ മാര്‍ക്കുകള്‍ ഇപ്പോഴാണ് അപ്ലോഡ് ചെയ്തത്. മാര്‍ക്ക് ലിസ്റ്റില്‍ അനുപമയുടെ ചിത്രം വന്നതോടെ ഇത്തരത്തില്‍ ഫോട്ടോ മാറിയതായി പല പരാതിയും ഉയരുന്നുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പറയുന്നത്.
ഇതിന് മുമ്പും ബിഹാറിലെ ഇത്തരം യോഗ്യത പരീക്ഷകള്‍ വിവാദമായിട്ടുണ്ട്. ബിഹാര്‍ പൊതു എന്‍ജിനിയറിംഗ് പരീക്ഷയില്‍ ഒന്നാമതെത്തിയത് ബോളിവുഡ് നടി സണ്ണി ലിയോണ്‍ എന്ന രീതിയില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു.