പിറവം: പിറവത്ത് യുഡിഎഫിന്റെ അനൂപ് ജേക്കബ് നേടിയത് ചരിത്രവിജയമാണ്. 25,364 വോട്ടിന്റെ വന്പൻ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ യുവനേതാക്കളിൽ ശ്രദ്ധേയനായ അനൂപിന് ലഭിച്ചത്.
മണ്ഡല രൂപീകരണശേഷം ഇത്രയും വലിയൊരു ഭൂരിപക്ഷം ഇതാദ്യം. ഇത്തവണത്തെ ജില്ലയിലെ വലിയ ഭൂരിപക്ഷവും അനൂപിന്റേതാണ്.
2001ൽ ടി.എം. ജേക്കബിന് ലഭിച്ച 12,162 വോട്ട് ഭൂരിപക്ഷമായിരുന്നു ഇതുവരെ പിറവത്തെ കൂടിയ ഭൂരിപക്ഷം. ടി.എം. ജേക്കബിന്റെ നിര്യാണത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ പോലും അനൂപിന് ലഭിച്ചത് 12,070 വോട്ട് ഭൂരിപക്ഷമായിരുന്നു.
2016ൽ ഇതു 6,195 വോട്ട് മാത്രം. പടിഞ്ഞാറൻ മേഖലയായ തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങൾ ഇതേവരെ യുഡിഎഫിന് മേൽക്കോയ്മ ഉണ്ടാകാത്ത പ്രദേശങ്ങളാണ്. എന്നാൽ ഇക്കുറി തൃപ്പൂണിത്തുറ നഗരസഭയിലുൾപ്പെട്ട തിരുവാങ്കുളത്ത് 599 വോട്ട് ഭൂരിപക്ഷം അനൂപിനു ലഭിച്ചു.
ചോറ്റാനിക്കരയിൽ 868 വോട്ടിന്റെ ഭൂരിപക്ഷവും കിട്ടി.
പിറവം നഗരസഭയിൽ 3,537 വോട്ടാണ് എതിർസ്ഥാനാർഥിയെക്കാൾ അധികം കിട്ടിയത്.
പിറവത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പലതിലും എൽഡിഎഫാണ് ഭരിക്കുന്നതെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ അതെല്ലാം മറികടന്നു.
കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫിന് മേൽക്കോയ്മ ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നതെങ്കിലും 1,375 വോട്ടാണ് ഇവിടെ കിട്ടിയ ഭൂരിപക്ഷം.
മുളന്തുരുത്തി-2,697, മണീട്- 2,704, രാമമംഗലം- 1,281, പാന്പാക്കുട-3,212, ആന്പല്ലൂർ- 2,195, എടയ്ക്കാട്ടുവയൽ-1,484, തിരുമാറാടി- 2,711, ഇലഞ്ഞി-1,723 എന്നിങ്ങനെയും ഭൂരിപക്ഷം കിട്ടി.
ഈ വിജയതരംഗത്തിലുണ്ടായ ഭൂരിപക്ഷം ഇലഞ്ഞിയിൽ ഉണ്ടായില്ലെന്നതും ശ്രദ്ധേയം. കേരള കോണ്ഗ്രസ്-എം എൽഡിഎഫിലേക്ക് ചേക്കേറിയത് ഇവിടെ ചോർച്ചയ്ക്കു കാരണമായി.
ടി.എം. ജേക്കബിന്റെ മകനെന്നതിലുപരി മണ്ഡലത്തിലെ ഓരോരുത്തരുമായുള്ള ആത്മബന്ധമാണ് അനൂപിന്റെ വൻജയത്തിനു തുണയായത്.
ഏതുസമയത്തും അനൂപിനെ കാണാനും സംസാരിക്കാനും സാധിക്കുമെന്നതും ചെറിയ പ്രശ്നങ്ങളാണെങ്കിൽപ്പോലും അതിൽ ഇടപെട്ട് പരിഹാരനിവൃത്തിക്ക് ശ്രമിക്കുന്നതുമെല്ലാം പിറവത്തുകാരുടെ മനസിൽ അനൂപിനു ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.
സ്ഥാനാർഥി നിർണയത്തിലുണ്ടായ വിവാദങ്ങൾ എൽഡിഎഫിന് ഏറെദോഷം ചെയ്തുവെന്ന് അവരുടെ നേതാക്കൾതന്നെ സമ്മതിക്കുന്നു.
കേരള കോണ്ഗ്രസ്-എമ്മിന് സീറ്റ് നൽകിയെങ്കിലും ഒടുവിൽ സിപിഎംതന്നെ സ്ഥാനാർഥിയെ നൽകി രണ്ടില ചിഹ്നത്തിൽ മത്സരിപ്പിക്കുകയായിരുന്നു.
ഇടതു സ്ഥാനാർഥി സിന്ധുമോൾ പ്രചാരണം കൊഴുപ്പിച്ചെങ്കിലും എൽഡിഎഫ് വോട്ടുകളിൽ വൻ ചോർച്ചയുണ്ടായി. ബിജെപിയുടെ വോട്ടും കുറഞ്ഞു.