റായ്പുർ: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ മത്സരിക്കുമെന്നു പ്രഖ്യാപിച്ച എംഎൽഎയെ പാർട്ടിയിൽനിന്നു പുറത്താക്കി കോൺഗ്രസ്.
അന്തഗഡ് എംഎൽഎ അനൂപ് നാഗിനെതിരെയാണ് പാർട്ടി കടുത്ത നടപടി സ്വീകരിച്ചത്. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അനൂപിന് സീറ്റ് നൽകിയിരുന്നില്ല. ഇതേതുടർന്ന് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു അനൂപിന്റെ പ്രഖ്യാപനം.
ചത്തീസ്ഗഡ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജിന്റെ നിർദേശപ്രകാരമാണ് നാഗിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അന്തഗഡ് (എസ്ടി) സീറ്റിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി രൂപ്സിംഗ് പൊതായ്ക്കെതിരെ മത്സരിക്കുന്ന നാഗിനെ ആറു വർഷത്തേക്കു പുറത്താക്കിയതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
പാർട്ടി നിലപാടിനു വിരുദ്ധമായി ആരെങ്കിലും നീക്കം നടത്തിയാൽ ആ വ്യക്തിയെ അനുനയിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും എന്നാൽ സമ്മതിച്ചില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സംസ്ഥാന ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എസ്. സിംഗ് ദിയോ പറഞ്ഞു.