കഴിഞ്ഞ ഏതാനും ദിവസങ്ങളായി കല്ലട ബസാണ് കേരളത്തിലെ പ്രധാന ചര്ച്ചാവിഷയങ്ങളിലൊന്ന്. ബസ് യാത്രയ്ക്കിടെ യുവാക്കളെ ക്രൂരമായി മര്ദ്ദിച്ച കഥ പുറത്തു വന്നതിനു പിന്നാലെ നിരവധി ആളുകളാണ് കല്ലടയില് തങ്ങള് നേരിട്ട മോശം അനുഭവങ്ങള് പങ്കുവച്ച് രംഗത്തു വന്നിരിക്കുന്നത്. അപമര്യാദയായി പെരുമാറിയ കല്ലട സുരേഷ് ബസ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് ഇപ്പോള് സമൂഹ മാധ്യമങ്ങളില് വൈറലാവുന്നു. ആറ് വര്ഷം മുന്പ് നടന്ന സംഭവമാണ് ഹണി ഭാസ്കരന് എന്ന യുവതി ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ജീവനക്കാരന് അപമര്യാദയായി പെരുമാറിയത് യാത്രക്കിടയില് ബാലന്സ് തെറ്റി വീഴുന്നതായി അഭിനയിച്ച് തന്റെ ശരീരത്തില് ജീവനക്കാരന് സ്പര്ശിച്ചു. ശരീരത്തില് പുഴു കേറിയ പോലെ അറപ്പ് തോന്നിയെന്നാണ് ഹണി പറയുന്നത്. അവസാനം സുഹൃത്തുക്കളെത്തി. കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിര്ത്തി. ‘തല്ലെടീ…’ എന്നൊരു അലര്ച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. ഹണി പറയുന്നു.
ഹണി ഭാസ്കരന്റെ കുറിപ്പ് വായിക്കാം…
ഈ അവസരത്തില് പറയാന് പാടുണ്ടോ എന്നറിയില്ല.ആറു വര്ഷം ജോലി ചെയ്ത നഗരമാണ് ബാംഗ്ലൂര്. നാട്ടില് നിന്ന് അങ്ങോട്ടേക്കുള്ള കല്ലട ബസ്സിലെ രാത്രി യാത്രക്കിടയില് ബാലന്സ് തെറ്റി വീഴാന് പോണ പോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വെച്ച കിളിക്കിട്ട് ഒരു പൊട്ടീരു കൊടുത്തിട്ടുണ്ട്.മനപ്പൂര്വ്വം അയാളത് ചെയ്തതാന്ന് ഉറപ്പായിരുന്നു. മേത്ത് പുഴു കേറിയ പോലെ വന്ന അറപ്പ്. കലാശിപ്പാളയം എത്തണ വരെ ആ അറപ്പും കൊണ്ടിരുന്നു. ബാങ്കില് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. പരപരാ വെളുപ്പിന് കലാശിപ്പാളയത്ത് ബസ് നിര്ത്തിയതും സഖാക്കള് മിത്രങ്ങള് കാത്തു നിന്നിരുന്നു.
എന്റെ ബാഗെടുത്ത് റോഡിലേക്ക് വച്ച് പത്തനംതിട്ടക്കാരന് സഖാവ് സനല്, കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിര്ത്തി.”തല്ലെടീ… ‘ എന്നൊരു അലര്ച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. പിന്നവര് എനിക്കവസരം തന്നില്ല. അവരുടെ വക തല്ലിന്റെ ദീപാവലി ആരുന്നു. പിടിച്ചു മാറ്റാന് വന്ന ഡ്രൈവര്ക്കിട്ടും കിട്ടി. ഈ ഇലക്ഷന് കാലത്ത് കല്ലട ബസിലെ ഗുണ്ടകളെ പോലീസ് പിടിച്ച വാര്ത്ത വായിക്കുമ്പോ പഴേ ആ തല്ലിന്റെ കഥ ഓര്ത്ത് വല്ലാത്തൊരു സന്തോഷം…!