സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന നടി ഉര്‍വശി അവതാരകയായ ‘ജീവിതം സാക്ഷി’ പരിപാടിക്കെതിരേ കൂടുതല്‍ പരാതികളുയരുന്നു. അനുമതിയില്ലാതെ തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചെന്നും കുടുംബവഴക്കുകള്‍ പുറത്തുവിട്ടുവെന്നും കാണിച്ച് സിആര്‍പിഎഫ് ജവാന്റെ ഭാര്യയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ ജില്ലാ ജഡ്ജി കൂടിയായ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) മെംബര്‍ സെക്രട്ടറിയില്‍ നിന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വിശദീകരണം ആവശ്യപ്പെട്ടു. ഉര്‍വശി മദ്യപിച്ചെത്തി പരിപാടി അവതരിപ്പിച്ചെന്ന പരാതിക്കു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.
ഡല്‍ഹി സിആര്‍പിഎഫിലെ ജവാന്റെ ഭാര്യയാണു പരാതിക്കാരി. കുടുംബത്തില്‍ നിന്നകന്നു താമസിക്കുന്ന ഭര്‍ത്താവ് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കുന്നില്ല. ഇയാള്‍ ചാനലിലെത്തി തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായി പരസ്യമായി സംസാരിക്കുകയും കുടുംബകഥകള്‍ വര്‍ണിക്കുകയും ചെയ്തു. തന്റെ അറിവോ സമ്മതമോ കൂടാതെ തനിക്കും മാതാപിതാക്കള്‍ക്കും അപകീര്‍ത്തികരമായ പരിപാടി ചാനല്‍ സംപ്രേഷണവും ചെയ്തു. തന്റെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടതായും പരാതിയില്‍ പറയുന്നു.
പരാതിക്കാരിയായ ഭാര്യയുടെ അംഗീകാരത്തോടെയാണോ സ്വകാര്യ ചാനല്‍ അദാലത്ത് നടത്തിയതെന്നു കെല്‍സ വ്യക്തമാക്കണമെന്നു കമ്മിഷന് ആക്ടിങ് ചെയര്മാന് പി. മോഹനദാസ് ആവശ്യപ്പെട്ടു. കെല്‍സയുടെയോ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയോ അംഗീകാരമില്ലാതെയാണ് അദാലത്ത് സംഘടിപ്പിച്ചതെങ്കില്‍ പ്രസ്തുത പരിപാടി മേലില്‍ സംപ്രേഷണം ചെയ്യരുതെന്നും ചാനല്‍ മാനേജിങ് ഡയറക്ടര്‍ക്കു കമ്മിഷന് നിര്‍ദേശം നല്കി.