പൊതുതെരഞ്ഞെടുപ്പിന് ചുരുങ്ങിയ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അണിയറയില്‍ അസ്ത്രങ്ങള്‍ ഓരോന്നായി തൊടുക്കാന്‍ തയാറെടുക്കുകയാണ് മോദി സര്‍ക്കാര്‍. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള നീക്കത്തിന് ലഭിച്ച വലിയ സ്വീകാര്യത ബിജെപിക്ക് ഉണര്‍വു നല്‍കിയിട്ടുണ്ട്. അടുത്തപടിയായി മധ്യവര്‍ഗത്തെ പ്രീതിപ്പെടുത്തി കൂടെ നിര്‍ത്താനുള്ള വമ്പന്‍ പ്രഖ്യാപനമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ ഒരുവിധപ്പെട്ട എല്ലാ പൗരന്മാരെയും തൊട്ടുരസുന്നതാകും ഈ പ്രഖ്യാപനം. സര്‍ക്കാര്‍ സര്‍വീസില്‍ ഒഴിഞ്ഞു കിടക്കുന്ന 29 ലക്ഷത്തിലേറെ തസ്തികകളിലേക്ക് അടിയന്തിരമായി ഉദ്യോഗാര്‍ഥികളെ നിയമിക്കുകയാണ് പുതിയ പ്രഖ്യാപനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം നിലവില്‍ ഒഴിവുള്ള തസ്തികളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതിയെന്നാണ് സൂചന.
കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങളിലായി നിലവില്‍ 29 ലക്ഷത്തോളം ഒഴിവുണ്ടെന്നാണ് കണക്കുകള്‍. ഒഴിവുള്ള തസ്തികളിലേക്ക് പുതിയ ആളുകളെ നിയമിച്ചാല്‍ ഒരു ലക്ഷം കോടിയോളം സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാകും. ശമ്പള വിതരണത്തിനായി ബജറ്റില്‍ വകയിരുത്തുന്ന തുക 76 ശതമാനമായി ഉയര്‍ത്തേണ്ടി വരും. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം തുടക്കക്കാരനായ ജീവനക്കാരന്റെ ശമ്പളം 7000ല്‍ നിന്ന് 18000 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഒഴിവുള്ള തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്താനുള്ള തുക സര്‍ക്കാരിന്റെ പക്കലില്ല. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താനായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സാമ്പത്തിക സംവരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ നിയമനം നടത്തിയാല്‍ മധ്യവര്‍ഗത്തിനിടയില്‍ നഷ്ടമായ സ്വീകാര്യത തിരിച്ചു പിടിക്കാനാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഉറപ്പാക്കിയതോടെ മധ്യവര്‍ഗ വിഭാഗത്തില്‍ നിന്നും കൂടുതലാളുകള്‍ക്ക് നിയമനം ലഭിക്കും.
മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാനുള്ള മോദിയുടെ ട്രാപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുപോലെ പെടുന്നതാണ് ആദ്യ പ്രഖ്യാപനത്തില്‍ കണ്ടത്. പ്രഖ്യാപനത്തെ എതിര്‍ത്തിരുന്നേല്‍ മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസിനും മറ്റു പാര്‍ട്ടികള്‍ക്കും നഷ്ടമായേനെ. ബില്ല് അനായാസം പാസായോടെ ക്രെഡിറ്റ് മുഴുവന്‍ മോദിക്കു പോകുകയും ചെയ്തു.