മന്ത്രി എ. കെ. ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ അശ്ലീല ഫോണ്വിളിക്ക് പിന്നില് ഹണി ട്രാപ്പെന്ന് സൂചന. ഇതുസംബന്ധിച്ച് ഇന്റലിജന്സ് ബ്യൂറോ നടത്തുന്ന നടത്തുന്ന അന്വേഷണത്തില് മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട യുവതിയിലേക്കാണ് വിരലുകള് ചൂണ്ടുന്നത്. സര്ക്കാര് ഔദ്യോഗികമായി ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പോലീസ് അന്വേഷണം സമാന്തരമായി നടത്താന് മുഖ്യമന്ത്രി പിണറായി വിജയന് ഡി.ജി.പി ലോക്നാഥ ബഹ്റയ്ക്ക് നിര്ദ്ദേശം നല്കുകയായിരുന്നു. ഇന്റലിജന്സ് മേധാവി മുഹമ്മദ് യാസീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇന്റലിജന്സ്, സ്പെഷ്യല്ബ്രാഞ്ച്, സൈബര് പോലീസ്, ഹൈട്ടെക് സെല് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്പ്പെടുത്തിയാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്ദ്ദേശം ലഭിച്ചയുടന് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംഘത്തിന്റെ കൈവശം മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥര്, സിനിമരംഗത്തു നിന്നുള്ള ഒരു എംഎല്എ, രണ്ടു മന്ത്രിമാര് എന്നിവര്ക്കെതിരേയുള്ള തെളിവുകളുണ്ടെന്നാണ് സൂചന. ആദ്യ വിവാഹബന്ധം വേര്പ്പെടുത്തിയ ഈ എംഎല്എ അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ഇയാളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന പല രേഖകളും ബ്ലാക്മെയ്ല് സംഘം ശേഖരിച്ചെന്നാണ് റിപ്പോര്ട്ട്. മന്ത്രിയുമായി ബന്ധപ്പെട്ട ഫോണ് സംഭാഷണത്തിനെതിരേ സമൂഹത്തിന്റെ പല കോണില് നിന്നും വിമര്ശനമുയര്ന്നിരുന്നു. അതിനാല് മറ്റുള്ളവരെ കുറിച്ചുള്ള വാര്ത്തകള് തല്ക്കാലം പുറത്തേക്കെത്തില്ലെന്നും സൂചനയുണ്ട്.
അടുത്ത ദിവസങ്ങളില് ഈ തെളിവുകള് ചാനല് വഴി പുറത്തുവിടുമെന്നും അതല്ല ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കങ്ങളുണ്ടെന്നുമുള്ള അഭ്യൂഹങ്ങള് ശക്തമാണ്. ഇതിനിടെ ഫോണ്വിളികളുടെ രേഖ സംഘടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്ക്ക് അന്വേഷണസംഘം ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വാങ്ങിയിട്ടുണ്ട്. പരാതിയുമായി സ്ത്രീ മുന്നോട്ടു വരാത്ത സാഹചര്യത്തില് ഇതു ട്രാപ്പാണെന്ന വാദം ശക്തമായ സാഹചര്യത്തില് അന്വേഷണം ഈ വഴിയ്ക്കാണ് മുന്നോട്ടു പോകുന്നത്.
അതിനിടെ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട ജീവനക്കാരിയെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്ജിതമായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിനു പിന്നില് വാര്ത്ത മാത്രമല്ല സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന കൂടിയുണ്ടെന്ന ആരോപണം ഉയര്ന്ന സാഹചര്യത്തില് പണമിടപാട് ഇതിനു പിന്നില് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുകയാണ്. മന്ത്രിമാര് മാത്രമല്ല ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്ന തെളിവുകളും ഇവരുടെ കൈവശമുണ്ടെന്ന് പോലീസിനുള്ളില് തന്നെ അടക്കം പറച്ചിലുണ്ട്. അതിനാല് പോലീസ് അന്വേഷണം നടത്തിയാല് വിവരങ്ങള് ചോരാനുള്ള സാധ്യത മുന്കൂട്ടി കണ്ടു കൂടിയാണ് പോലീസ് അന്വേഷണം ഒഴിവാക്കി ജുഡീഷ്യല് അന്വേഷണം നടത്താന് സര്ക്കാര് തീരുമാനിച്ചത്. സംഭവത്തിനു പിന്നില് ഗൂഢാലോചന ഉണ്ടെങ്കില് പുറത്തു കൊണ്ടുവരണമെന്ന കര്ശന നിര്ദ്ദേശമാണ് മുഖ്യമന്ത്രി ഡിജിപിയ്ക്ക് നല്കിയിരിക്കുന്നത്.