സംഘര്‍ഷഭരിതമായ ദിവസങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. സിറിയയുടെ പേരില്‍ ലോകരാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് അമേരിക്കയും റഷ്യയും രണ്ടു ചേരിയിലായതോടെ ഒരു യുദ്ധത്തിനുള്ള കോപ്പുകൂട്ടലാണ് നടക്കുന്നതെന്ന വിലയിരുത്തലാണ് നയതന്ത്ര വിദഗ്ധര്‍ക്കുള്ളത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സിറിയയിലെ രാസായുധ സംഭരശാലകളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സേന ആക്രമണം നടത്തിയത്. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം. യുഎസ്, ബ്രിട്ടന്, ഫ്രാന്‍സ് സംയുക്ത സൈന്യമാണ് ആക്രമണം നടത്തുന്നത്. ആക്രമണ വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിക്കുകയും ചെയ്തു.
സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങള്‍ മുഴുവന്‍ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം സിറിയയില്‍ ഉണ്ടായ രാസായുധാക്രണണത്തിന് തിരിച്ചടി നല്‍കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. രാസായുധാക്രമണത്തെ അപലപിച്ച് തെരേസ മേ ഉള്‍പ്പടെയുള്ള ലോക നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സംയുക്തസൈന്യം ഡമാസ്കസ് പ്രദേശത്ത് ആക്രമണം നടത്തുന്നതെന്നാണ് വിവരം.
സംയുക്ത സൈനികാക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചെന്ന് സിറിയന്‍ ഭരണകൂട വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ സഖ്യസേനയുടെ ആക്രമണത്തെ നേരിടാന്‍ തങ്ങള്‍ കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി കഴിഞ്ഞു. ലണ്ടനില്‍ മുന്‍ ചാരനെയും മകളെയും കൊല്ലാന്‍ ശ്രമിച്ചതു മുതല്‍ റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ സുഖകരമായ ബന്ധമല്ല നിലനില്‍ക്കുന്നത്.
ഇന്ത്യയുടെ നിലപാട്
പരസ്പരം പോര്‍വിളിക്കുന്ന രാജ്യങ്ങളെല്ലാം ഇന്ത്യയുടെ സുഹൃത് രാഷ്ട്രങ്ങളാണെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ റഷ്യ- അമേരിക്കന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ പക്ഷംപിടിക്കാതെ മാറിനില്‍ക്കാനാണ് സാധ്യത. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല സൗഹൃദത്തിലാണ്. പ്രശ്നപരിഹാരത്തിന് ഒരു മധ്യസ്ഥന്റെ റോളിലേക്ക് ഇന്ത്യ മാറിയാലും അത്ഭുതപ്പെടാനില്ല. എന്നാല്‍ തത്ക്കാലം ജവഹര്‍ലാല്‍ നെഹ്റു മുതല്‍ തുടര്‍ന്നുപോരുന്ന ചേരിചേരാ നയത്തിലൂന്നിയാകും ഇന്ത്യയുടെ നിലപാട്.