വെഞ്ഞാറമൂട് : മുഹമ്മദ് അനസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഏകപെങ്ങളുടെ കല്യാണത്തിന് കാത്തു നിൽക്കാതെയാണ് അനസ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് വെഞ്ഞാറമൂട് പുല്ലമ്പാറ കലുങ്കിന്മുഖം ചാവറോഡ് വീട്ടില്‍ ബദറുദീന്‍ ഉമൈറത്ത് ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് അനസ് (20) മരിച്ചത്. മുഹമ്മദ് അനസിന്റെ പെങ്ങളുടെ കല്യാണം അടുത്ത മാസം 25 നു നടത്താൻ തീരുമാനിച്ചുറപ്പിച്ചിരുന്നു.
കഴക്കൂട്ടം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്സ്പോര്‍ട്ട് ഇന്ഡന്സ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഫയര്‍ ആൻഡ് സേഫ്റ്റി വിഭാഗത്തില്‍ ട്രെയ്നിയുമായ അനസ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ തുമ്പ സ്റ്റേഷൻ കടവിൽ വച്ചായിരുന്നു അപകടം.
അനസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ അനസിന്റെ ശരീരത്തിൽ കൂടി ടിപ്പർ ലോറി കയറി ഇറങ്ങുകയായിരുന്നു. തത്ക്ഷണം മരിച്ച അനസിന്റെ മൃതദേഹം തുമ്പ പോലീസ് എത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാജ്ഞലി അർപ്പിക്കാൻ സഹപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് എത്തിയത്. മാതാപിതാക്കളുടെയും, സഹോദരിയുടെയും വിലാപം കണ്ടു നിന്നവരെയും ദുഖത്തിലാഴ്ത്തി.
വീട്ടുകാരോടും സുഹൃത്തുക്കളോടും സ്നേഹത്തോടും സന്തോഷത്തോടും ഇടപഴകിയിരുന്ന അനസിനെ മരണം കവർന്ന വാർത്ത പലർക്കും വിശ്വസിക്കാനാകാത്തതായിരുന്നു .ഇന്നലെ വൈകുന്നേരം 3.30ന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പേരുമല മുല്ലമംഗലം തളത്തിൽ മുസ്ലീം ജമാഅത്തു പള്ളിയിൽ ഖബറടക്കി.