തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിനെ സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അന്വേഷണം എൽപ്പിച്ചു.
ഇന്നലെ രാത്രി ഒന്‍പതരയോടെ ആണ് കരിമഠം കോളനി സ്വദേശിയായ അൻസാരി(39)യെ ഫോർട്ട് പോലീസ് സ്റ്റേഷനു സമീപത്തെ കോവിഡ് ഡിറ്റെക്ഷൻ സെന്ററിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശുചി മുറിയിൽ കയറിയ അൻസാരി കതക് തുറക്കാത്തതിനെ തുടർന്ന് പോലീസ് വാതിൽ തകർത്തപ്പോൾ അൻസാരി തൂങ്ങി നില്‍ക്കുന്നത് കണ്ടതായാണ് പോലിസ് പറയുന്നത്. ഉടൻ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം 5.30നാണ് കിഴക്കേക്കോട്ടയ്ക്കു സമീപം വച്ച് ഒരാളിന്റെ മൊബൈൽ തട്ടിയെടുത്തെന്നാരോപിച്ച് അൻസാരിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. കസ്റ്റഡിയിലെടുത്തെ ങ്കിലും ഇക്കാര്യം സ്റ്റേഷൻ റജിസ്റ്ററിൽ രേഖപ്പെടുത്തുകയോ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ആരോപണമുണ്ട്.
മൊബൈൽ ഫോൺ ഉടമയോടു സ്റ്റേഷനിലെത്തി മൊഴി നൽകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അയാൾ ഇതുവരെയും സ്റ്റേഷനിലെത്തിയില്ല. ഇന്നലെ രാത്രിയും അയാൾ എത്താത്തുകൊണ്ടാണ് ജനറൽ ഡയറിയിൽ വിവരം രേഖപ്പെടുത്താത്തതെന്നാണ് പോലീസ് പറയുന്നത്.
അൻസാരി മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്നും പോലീസ് പറയുന്നു. ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലൂടെ കുപ്രസിദ്ധി നേടിയ സ്റ്റേഷനാണ് ഫോർട്ട് പോലീസ് സ്റ്റേഷൻ.
ഇവിടെത്തന്നെ വീണ്ടുമൊരു കസ്റ്റഡി മരണമുണ്ടാകുന്പോൾ അതു കൂടുതൽ ചർച്ചയാവുകയാണ്. അതേസമയം, അൻസാരിയെ നാട്ടുകാർ പിടികൂടുന്പോൾ മർദിച്ചിരുന്നോയെന്നതു സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.