ആലുവ: ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ. ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കല്ലുവെട്ടിപ്പറന്പ് അൻഷാദിനെ (25) യാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിശാൽ ജോണ്‍സണും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് ഇറങ്ങിയ ശേഷം പ്രതിയുടെ ഓട്ടോയിൽ കയറിയ വിദ്യാർഥിനിയോട് അശ്ലീല ഭാഷയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത് കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പിടികൂടിയത്.
പ്രതി ആലുവ ഈസ്റ്റ്, എടത്തല സ്റ്റേഷനുകളിൽ പോത്ത് മോഷണം, ഓട്ടോ മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് ആലുവ എസ്എച്ച്ഒ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.