അവര്‍ എന്റെ അനിയത്തിമാരാണ്! ദയവുചെയ്ത് അവര്‍ക്കുനേരെ പ്രയോഗിക്കുന്ന അശ്ലീല പ്രയോഗങ്ങള്‍ നിര്‍ത്തൂ; ശീദേവിയുടെ പെണ്‍മക്കളെ ആക്ഷേപിച്ചവരെ വിമര്‍ശിച്ച് അര്‍ജുന്‍ കപൂറിന്റെ സഹോദരി അന്‍ഷുല

ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ കുടുംബാംഗങ്ങള്‍ക്കെന്നല്ല, അവരുടെ ആരാധകര്‍ക്കുപോലും സാധിച്ചിട്ടില്ല. എന്നാല്‍ ശ്രീദേവിയുടെ മരണത്തോടൊപ്പം ചില നല്ല കാര്യങ്ങളും നടന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മക്കളായ അര്‍ജുന്‍ കപൂറും സഹോദരി അന്‍ഷുലയുമാണ് ശ്രീദേവിയുടെ വിയോഗത്തില്‍ വിറങ്ങലിച്ചിരുന്ന ബോണി കപൂറിനെയും മക്കളായ ജാന്‍വിയെയും ഖുഷിയെയും ആശ്വസിപ്പിക്കാനായി എത്തിയതെന്നത്. ഏറെക്കാലമായി ഇരുകൂട്ടരും അകല്‍ച്ചയിലായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോണയുമായുള്ള ബന്ധത്തിലുണ്ടായ മക്കളാണ് അര്‍ജുനും അന്‍ഷുലയും. ശ്രീദേവി ജീവിതത്തില്‍ വന്നതോടെ മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് പോയ ബോണി കപൂറുമായി യാതൊരു ബന്ധത്തിനും അര്‍ജുനും അന്‍ഷുലയും പോയിട്ടില്ല. എന്നാല്‍ ശ്രീദേവിയുടെ വിയോഗസമയത്ത് പിണക്കമെല്ലാം മറന്ന് അവര്‍ അച്ഛന് വേണ്ടി തിരിച്ചുവന്നു.

അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്‌നേഹവും തനിക്കും മക്കള്‍ക്കും നെടുംതൂണായിരുന്നെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഈ അവസരത്തില്‍ അച്ഛനും രണ്ട് മക്കള്‍ക്കുമൊപ്പം നെടുംതൂണായി നിന്ന അര്‍ജുനും അന്‍ഷുലയും എല്ലാവര്‍ക്കും മാതൃകയാണെന്ന് ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ അന്‍ഷുല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ഒരു പോസ്റ്റ് ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘എത്ര ഭീകരമായ സാഹചര്യത്തിലാണെങ്കിലും കാട്ടുപൂക്കള്‍ എവിടെയും വളരും. അവര്‍ശക്തരായിരിക്കും. അവര്‍ വസന്തം വിടര്‍ത്തും. എപ്പോഴൊക്കെ കാറ്റ് അവരെ തഴുകിയാലും സൗന്ദര്യം പടര്‍ത്തും.’ ഇങ്ങനെയായിരുന്നു അന്‍ഷുലയുടെ ട്വീറ്റ്. എന്നാല്‍ അന്‍ഷുലയുടെ പോസ്റ്റിന് താഴെ നിറയെ ജാന്‍വിയെയും ഖുശിയെയും അശ്ലീലം പറഞ്ഞുള്ള കമന്റുകളായിരുന്നു. ഇത് തുടര്‍ന്നതോടെ അന്‍ഷുലയുടെ നിയന്ത്രണം വിട്ടു.

‘അവര്‍ എന്റെ അനിയത്തിമാരാണ്. ദയവ് ചെയ്ത് അവര്‍ക്കെതിരെ പ്രയോഗിക്കുന്ന അശ്ലീലപദങ്ങള്‍ നീക്കം ചെയ്യൂ. ഞാന്‍ അത് പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാല്‍ ആ കമന്റുകള്‍ ഞാന്‍ തന്നെ നീക്കംചെയ്യുകയാണ്. എനിക്കും എന്റെ ചേട്ടനും നേരെ ചൊരിഞ്ഞ നിങ്ങളുടെ സ്‌നേഹവചനങ്ങള്‍ക്ക് നന്ദി. ഒരുകാര്യം, ഞാന്‍ ഇന്ത്യയുടെ പുറത്ത് ജോലി ചെയ്തിട്ടില്ല. ദയവ് ചെയ്ത് നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കൂ.’അന്‍ഷുല പറഞ്ഞു.

ശ്രീദേവി ജീവിതത്തിലേക്ക് വന്നതോടെ മോനയേയും മകന്‍ അര്‍ജുന്‍, മകള്‍ അന്‍ഷുല എന്നിവരെയും ഉപേക്ഷിച്ച് ബോണി പോകുകയുണ്ടായി. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്.

Related posts