തെന്നിന്ത്യൻ നായിക അൻസിബ ഹസനും ആൻജിയും ആദ്യമായി ഒന്നിക്കുന്ന പുതിയ മലയാളം ബിഗ് ബജറ്റ് സിനിമയാണ് ശ്രീകാന്ത് വിജയ് സംവിധാനം ചെയ്യുന്ന ഒരു തെക്കൻ കാവ്യം. പതിനാറ് വർഷത്തോളമായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ശ്രീകാന്ത്.
സി ഡിറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സ്ക്രിപ്റ്റ്, എഡിറ്റിംഗ്, ഡയറക്ഷൻ എന്നിവയിൽ വർഷങ്ങളുടെ അധ്യാപന പരിചയവുമായാണ് ശ്രീകാന്ത് വിജയ് വാണിജ്യ സിനിമാരംഗത്ത് സ്വതന്ത്ര സംവിധായകനാകുന്നത്. സിനിമകളുടെയും പരസ്യ ചിത്രങ്ങളുടെയും നിർമാണ രംഗത്ത് സജീവസാന്നിദ്ധ്യമായ സാഗരം ഫിലിം കന്പനി, ദേവകന്യാ പ്രൊഡക്ഷൻസുമായി ചേർന്നാണ് ഒരു തെക്കൻ കാവ്യം നിർമിക്കുന്നത്.
ഷിജിൻലാൽ, കവിത അനിൽ എന്നിവരാണ് നിർമാതാക്കൾ. ഇന്ത്യൻ സിനിമാട്ടോഗ്രാഫർമാരിൽ പ്രമുഖനായ ആൻജി ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം എന്ന നിലയിലും ഒരു തെക്കൻ കാവ്യം ശ്രദ്ധേയമാണ്. ഫായിസ് ഉമ്മറാണ് ചിത്രത്തിന്റെ രചയിതാവ്. എ.ആർ റഹ്മാന്റെ അസോസിയേറ്റായിരുന്ന എം.എസ് ഷെയ്ക്ക് ഇല്ലാഹി സംഗീത സംവിധാനം നിർവഹിക്കുന്നു. വയലാർ ശരത് ചന്ദ്ര വർമ്മയാണ് ഗാനരചയിതാവ്.
ദക്ഷിണേന്ത്യൻ ബഹുഭാഷാ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികമാരായ അൻസിബ ഹൻ, അർച്ചന എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദി, വിനോദ് ബോസ്, ആനന്ദ് ഭൈരവ്, കലിംഗ ശശി, മോളി, കൊച്ചു പ്രേമൻ, ജോബി പാല,സുനിൽ സുഖദ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. -എ.എസ് പ്രകാശ്