അന്‍സിബ അഭിനയം നിര്‍ത്താനൊരുങ്ങിയോ ? അഭിനയം തന്നെ വേണ്ടെന്നു വയ്ക്കാന്‍ വരെ തീരുമാനിച്ച ഒരു സന്ദര്‍ഭം ഉണ്ടായി; ആ വിശേഷങ്ങളിലേക്ക്…

സീമ മോഹന്‍ലാല്‍

ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് അന്‍സിബ. ചിത്രം ഹിറ്റായെങ്കിലും താരം കുറച്ചുനാളത്തേക്ക് സിനിമയില്‍ നിന്നു വിട്ടുനിന്നു.

എങ്കിലും ജീത്തു ജോസഫ് ദൃശ്യത്തിന്റെ രണ്ടാംഭാഗം ഒരുക്കിയപ്പോള്‍ മോഹന്‍ലാലിന്റെ മകള്‍ അഞ്ജു ജോര്‍ജായി അന്‍സിബ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തി.

താരം അഭിനയം തന്നെ വേണ്ടെന്നു വയ്ക്കാന്‍ വരെ തീരുമാനിച്ച ഒരു സന്ദര്‍ഭം ഉണ്ടായി എന്നാണ് ഇപ്പോള്‍ പറയുന്നത്. ആ വിശേഷങ്ങളിലേക്ക്…

ദൃശ്യം രണ്ടാം ഭാഗത്തിലൂടെയുള്ള തിരിച്ചുവരവിലെ വലിയ വിജയം

 ദൃശ്യം 1 ഗ്ലോബല്‍ ഹിറ്റ് മൂവി ആകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ഒരു നോര്‍മല്‍ ഹിറ്റ് മൂവി ആകുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ വലിയ ഹിറ്റായി. അതിലെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും എല്ലാവരും ഏറ്റെടുത്തു.

ജീത്തു സാറിന്റെ മികച്ച രചനയും സംവിധാനവും ലാലേട്ടന്‍ എന്ന മികച്ച നടന്റെ അഭിനയ പാടവവും ഒരു ഗ്ലോബല്‍ സ്റ്റാറിന്റെ സാന്നിധ്യവും എല്ലാവരുടെയും മികച്ച പ്രകടനവുമൊക്കെ എടുത്തു പറയേണ്ടതാണ്.  

വലിയൊരു റീച്ചാണ് ചിത്രത്തിനു കിട്ടിയത്. അതുപോലെത്തന്നെ ദൃശ്യം 2 അനൗണ്‍സ് ചെയ്തപ്പോള്‍ പലതലങ്ങളില്‍ നിന്നും നെഗറ്റീവ് സംസാരം ഉണ്ടായി. ഒന്നാം ഭാഗം മികച്ച സിനിമയായതുകൊണ്ട് രണ്ടാം ഭാഗം ചെയ്യേണ്ട ആവശ്യമുണ്ടോ.

അത് ചെയ്താല്‍ നന്നാകുമോ എന്നൊക്കെ പലരും ചോദിച്ചു. എന്നാല്‍ രണ്ടാം ഭാഗം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ആ ചോദ്യങ്ങളൊക്കെ മാഞ്ഞുപോയി. രണ്ടാം ഭാഗം ഒന്നാം ഭാഗത്തിന് ഒപ്പമോ അതിനു മുകളിലോ ആയി പ്രേക്ഷകര്‍ സ്വീകരിച്ചു. അതില്‍ വലിയ സന്തോഷമുണ്ട്.

കാരണം വേള്‍ഡ് വൈഡ് ആയിട്ട് ഒരു റിലീസ് കിട്ടുക, ഗ്ലോബല്‍ മൂവി ആയി മാറുക, അതിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റുക, ലാലേട്ടനൊപ്പം രണ്ടു സിനിമകളില്‍ ഒരേ കഥാപാത്രത്തെ ആവര്‍ത്തിച്ചു ചെയ്യാന്‍ കഴിയുക ഇതൊക്കെ വലിയ ഭാഗ്യം തന്നെയാണ്. വളരെയധികം സന്തോഷമുണ്ട്. ഇത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്.

ബ്രേക്കിനു പിന്നില്‍

ദൃശ്യം ഒന്ന്  ഇറങ്ങിയതിനുശേഷം ധാരാളം നല്ല കഥാപാത്രങ്ങള്‍ എന്നെ തേടിവരുമെന്ന് ഞാന്‍ ധരിച്ചിരുന്നു. പക്ഷേ നല്ല ഒരു കഥാപാത്രം പോലും വന്നില്ല. അതു കഴിഞ്ഞു നാലഞ്ചു സിനിമകളേ ഞാന്‍ ചെയ്തുള്ളു.

പിന്നെ ഞാന്‍ ചിന്തിച്ചു,  മെന്റലി ഹാപ്പിയല്ലാതെ എന്തിനു സിനിമകള്‍ ചെയ്യണം. സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രം സിനിമകള്‍ ചെയ്യാന്‍ പാടില്ലായെന്ന് എനിക്കു തോന്നി.

ആ തോന്നല്‍ ഉണ്ടായപ്പോഴാണ് ഇനി സിനിമ ചെയ്യേണ്ടെന്ന് കരുതിയത്. കാരണം നല്ല കഥാപത്രങ്ങള്‍ തേടിവരുന്നില്ല. ഇനി സിനിമ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി.

അങ്ങനെയാണ് ഞാനൊരു ബ്രേക്ക് എടുക്കുന്നതും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ പോയതും. ബ്രേക്ക് എടുത്തെങ്കിലും എന്റേതായ ലോകത്ത് ഞാന്‍ ഹാപ്പിയായിരുന്നു.

 ആദ്യ ഭാഗത്തില്‍ നിന്നു വിഭിന്നമായി ദൃശ്യം രണ്ടില്‍ അഞ്ജു എന്ന കഥാപാത്രത്തിന്റെ മാനസിക നിലയ്ക്കു മാറ്റമുണ്ട്. അതു കഥയില്‍ വളരെ പ്രാധാന്യത്തോടെയാണ് പറയുന്നത്.

അപ്പോള്‍ കഥാപാത്രത്തിനായി പഠനമോ, തയാറെടുപ്പോ ഉണ്ടായിരുന്നോ
ദൃശ്യം ഒന്നിലെ അഞ്ജു എന്ന കഥാപാത്രം വളരെ നോര്‍മലായ ഒരു കുട്ടിയാണ്.

ഏതൊരു വീട്ടിലെയും പ്ലസ് വണ്ണിനു പഠിക്കുന്ന ഒരു കുട്ടിയുടെ കുസൃതിയും കുറുമ്പും നിഷ്‌കളങ്കതയുമൊക്കെയുള്ള ഒരു കുട്ടി. അച്ഛനമ്മമാരെ അനുസരിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടി. ഹാപ്പിയായിട്ടുള്ള ലൈഫ് ആണ് അവളുടേത്.

എന്നാല്‍ ദൃശ്യം 2 ലേക്ക് എത്തുമ്പോള്‍ അഞ്ജു എന്ന കഥാപാത്രം അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും അറിയാതെയാണെങ്കിലും ഒരു കൊലപാതകം ചെയ്തുപോയതിലുള്ള കുറ്റബോധവും പശ്ചാത്താപവും അവളിലുണ്ട്. കഴിഞ്ഞ കാലഘട്ടത്തെക്കുറിച്ചോര്‍ത്താണ് അവള്‍ ജീവിക്കുന്നത്.

അതിന്റേതായ മാനസിക പ്രശ്നങ്ങളും അവളിലുണ്ട്. അതുകൊണ്ടുതന്നെ ടെന്‍ഷന്‍ വരുമ്പോള്‍ അഞ്ജുവിന് ഫിക്സ് വരും. മൊത്തത്തില്‍ ഒരു ഇന്‍ട്രോവെര്‍ഡ് ആയ കഥാപാത്രമാണ് അഞ്ജു.

ഒടിടി പ്ലാറ്റ്ഫോമിലെ പ്രേക്ഷക സ്വീകാര്യത

ചിത്രം മികച്ച വിജയമായിരുന്നു. വേള്‍ഡ് വൈഡ് ആയി ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമ ഇറക്കാന്‍ പറ്റിയത് വലിയ കാര്യമാണ്.  ലാലേട്ടന്‍ ഒരു ഗ്ലോബല്‍ സ്റ്റാര്‍ ആണ്.

ലോകത്തെ പല ഭാഗത്തുളളവരുടെയും ഇഷ്ട കഥാപാത്രം. ഭാഷയ്ക്ക് അതീതമായി ചിത്രം കാണാന്‍ എല്ലാവരെയും അത് പ്രേരിപ്പിച്ചു.

കൂടാതെ ദൃശ്യം ഒന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, സിംഹള, ചൈനീസ് എന്നീ ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. ഈ ഭാഷകളിലൊക്കെ വലിയ ഹിറ്റായിരുന്നു. അതിന്റെ രണ്ടാം ഭാഗം വരുന്നുവെന്നതുതന്നെ എല്ലാവരെയും ചിത്രം കാണാന്‍ പ്രേരിപ്പിച്ചു.

എല്ലാത്തിലും കഥ ഒന്നായിരുന്നതുകൊണ്ട് അടുത്ത ഭാഗം കാണാന്‍ എല്ലാവര്‍ക്കും താല്‍പര്യം ഉണ്ടായി. അത് മലയാളത്തിലെ ദൃശ്യം രണ്ടിന് ഗുണം നല്‍കി.

മറ്റൊന്ന് ജീത്തു സാറിനെപ്പോലുള്ള വലിയ സംവിധായകന്റെ ചിത്രം എന്നതാണ്. പുതുമുഖ സംവിധായകരില്‍ എല്ലാവരും അറിയുന്ന കുറച്ചുപേരില്‍ ഒരാളാണ് ജിത്തു സാര്‍. അതും സിനിമയ്ക്കു ഗുണം ചെയ്തു.

 മോഹന്‍ലാല്‍, മീന തുടങ്ങിയ വലിയ താരനിരയ്ക്കൊപ്പം ജോര്‍ജ്കുട്ടിയുടെ കുടുംബാംഗമായി വീണ്ടുമെത്തിയപ്പോഴുള്ള എക്സ്പീരിയന്‍സ് അതും കോവിഡ് കാലത്തെ ഷൂട്ടിംഗ് അനുഭവം

ദൃശ്യം ഒന്നില്‍ മോഹന്‍ലാല്‍- മീന എന്നിവരാണ് നായകനും നായികയുമെന്ന് അറിയില്ലായിരുന്നു. ഓഡിഷന്‍ കഴിഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. ഞാന്‍ വളരെയധികം എക്സൈറ്റഡ് ആയി. ആദ്യമായിട്ടാണ് ലാലേട്ടനെ കാണുന്നത്.

അതിന്റെ അങ്കലാപ്പ് ഉണ്ടായിരുന്നു. അവരെല്ലാം എന്നെ കംഫര്‍ട്ടാക്കാന്‍ നല്ല രീതിയില്‍ സഹായിച്ചു. മുതിര്‍ന്ന താരങ്ങളില്‍ നിന്ന് നല്ല പെരുമാറ്റം കിട്ടുകയെന്നത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഭാഗ്യം തന്നെയാണ്.

ആദ്യ ദിവസം തന്നെ കഥാപാത്രം ഈസിയായി ചെയ്യാന്‍ കഴിഞ്ഞു. ഏഴു വര്‍ഷത്തിനുശേഷം ദൃശ്യം പ്ലാന്‍ ചെയ്യുമ്പോള്‍ ഒരു റീ യൂണിയനായാണ് എനിക്ക് തോന്നിയത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഷൂട്ട്. ആരും വീട്ടില്‍ പോയില്ല. അവിടെ ഹോട്ടലില്‍ തന്നെയായിരുന്നു താമസം. എല്ലാവരുമായും കൂടുതല്‍ സമയം ഇടപഴകാനായി.

രണ്ടാം ഭാഗത്തിലെ ലാലേട്ടന്‍

 ലാലേട്ടനൊത്തുള്ള അഭിനയം ഓരോ ദിവസവും ഓരോ അനുഭവമായിരുന്നു. ചില സീനുകളില്‍ അദ്ദേഹത്തിന് ഡയലോഗുപോലും വേണ്ട.

കണ്ണുകൊണ്ടും മുഖഭാവം കൊണ്ടും കവിളുകള്‍കൊണ്ടുമൊക്കെ അഭിനയിക്കും. ലാലേട്ടന്റെ പെരുമാറ്റത്തിലുള്ള ലാളിത്യം കൊണ്ട് ഒരു കുടുംബം പോലെയാണ് സെറ്റ് തോന്നിയത്.

സൈബര്‍ ബുള്ളിംഗിനെ അതിജീവിച്ചത്

സൈബര്‍ ബുള്ളിംഗ് ഒരുപാട് അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. നമ്മളെപ്പറ്റി ഒരുപാടുപേര്‍ വൃത്തികെട്ട രീതിയില്‍ പറയുകയും കമന്റ് ഇടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സങ്കടം തോന്നും. എനിക്കും സങ്കടം തോന്നിയിട്ടുണ്ട്. ഞാന്‍ വളരെ ചെറിയ പ്രായത്തിലാണ് സിനിമയിലേക്ക് വന്നത്.

അന്ന് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളും മോശമായ കമന്റുകളും കേട്ട് ആദ്യമൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. പിന്നെ മനസിലായി ഇതില്‍ മാത്രം മുഴുകിയിരുന്നാല്‍ ജീവിതം നശിച്ചുപോകുമെന്ന്.

ഇതൊരു വെര്‍ച്വല്‍ ലോകമാണ്. അവിടെയിരുന്നാണ് ഒരാള്‍ മറ്റൊരാളെപ്പറ്റി മോശമായി പ്രതികരിക്കുന്നത്. ആ ലോകത്തില്‍ മാത്രം ജീവിച്ചാല്‍ നമ്മുടെ ജീവിതമല്ലേ നശിച്ചുപോകുന്നതെന്ന് ഞാന്‍ ചിന്തിച്ചു.

ഞാന്‍ പ്രതികരിക്കാന്‍ പോയിട്ടില്ല. സൈബര്‍ സെല്ലില്‍ പരാതിപ്പെടാം. ചിലപ്പോഴൊക്കെ നമ്മള്‍ പറയുന്ന വിഷയം അവര്‍ക്ക് സ്വീകാര്യമായിരിക്കില്ല.

ഇത് അവഗണിക്കുകയാണ് മാര്‍ഗം. ഞാന്‍ സോഷ്യല്‍മീഡിയ അധികം ഉപയോഗിക്കാറില്ല. നമ്മുടെ നാച്വറല്‍ പ്രോസസില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാന്‍.

വിവാഹം

വിവാഹം എല്ലാ പെണ്‍കുട്ടികളുടെയും ഏറ്റവും വലിയ സ്വപ്നമാണ്. എന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. നല്ലൊരാളെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്.

ഞാനുമായി ഒത്തുപോരുന്ന ആളായിരിക്കണം. നന്മയുള്ള ആളായിരിക്കണം. നന്മയുള്ള ആളെയെ എനിക്ക് കല്യാണം കഴിക്കാന്‍ പറ്റൂ. അതില്‍ ഒരു കോംപ്രോമൈസും ഇല്ല. വേറെയൊന്നും നമുക്ക് പ്രവചിക്കാനാവില്ലല്ലോ. എല്ലാം വന്നു ഭവിക്കുന്നതല്ലേ.

കരിയര്‍

ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. അഞ്ജു ജോര്‍ജ് മലയാളികള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ച കഥാപാത്രമാണ്.

അത്തരം നല്ല കഥാപാത്രങ്ങള്‍ കിട്ടിയാലെ  ഇനിയും സിനിമ ചെയ്യൂ എന്ന തീരുമാനത്തിലാണ്. അല്ലെങ്കില്‍ സിനിമ ചെയ്യുന്നില്ല. അതില്‍ യാതൊരു മാറ്റവുമില്ല.

Related posts

Leave a Comment