ദൃശ്യം എന്ന ചിത്രത്തിലുടെ മലയാളി പ്രേക്ഷക മനസിൽ ഇടം നേടിയ കലാകാരിയാണ് അൻസിബ ഹസൻ. ദൃശ്യത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ബിഗ് സ്ക്രീനിൽ നിന്നു മിനി സ്ക്രീനിലേക്കും ചുവടുവച്ചു. നടിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. അതേസമയം വിവാഹ വാർത്ത വ്യാജമാണെന്നു വ്യക്തമാക്കി താരം രംഗത്തു വന്നിരിക്കുന്നു. ഒരു യുവാവിനൊപ്പം സെറ്റ് സാരിയും തുളസിമാലയുമായി സിന്ദൂരവും തൊട്ട് ചിരിച്ചു നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്.
ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അൻസിബയുടെ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇവരെ ഹിന്ദു-മുസ്ലിം അല്ലാതെ മനുഷ്യനായി കാണാൻ മാത്രം മനസുള്ളവർ ലൈക്കടിക്കൂ… എന്ന കുറിപ്പും ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു. വിവാദത്തിന് തിരികൊളുത്തിയ ഈ പോസ്റ്റ് ശനിയാഴ്ച രാത്രിയാണ് അൻസിബയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനു പ്രതികരണവുമായാണ് അൻസിബ ഫേസ് ബുക്ക് ലൈവിലൂടെ രംഗത്തു വന്നിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച ലൗ മേറ്റ്സ് എന്ന ഷോർട്ട് ഫിലിമിലെ ഒരു സീനെടുത്താണ് വിവാഹഫോട്ടോയെന്ന തരത്തിൽ പ്രചരിപ്പിച്ചത്.
കൂടെ അഭിനയിച്ച ആൾക്കൊപ്പമുള്ള ഫോട്ടോ വച്ച് ഞാൻ വിവാഹിതയായി എന്ന് നിങ്ങൾക്കെങ്ങനെ പോസ്റ്റ് ഇടാൻ കഴിഞ്ഞു. ഇതൊരു സാമുദായിക പ്രശ്നമായി മാറുന്ന സാഹചര്യം വന്നതുകൊണ്ടാണ് പ്രതികരിക്കുന്നത്. ഞാൻ ഇപ്പോഴും അവിവാഹിതയാണ്. ഉടനൊന്നും വിവാഹം കഴിക്കാനുള്ള പദ്ധതിയുമില്ല- താരം പറയുന്നു. അൻസിബ ഹസൻ വിവാഹിതയായി എന്ന പേരിൽ ചില ഓണ്‍ ലൈൻ മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഖേദിച്ച് ഓണ്‍ലൈൻ നൽകിയ വാർത്തയുടെ ലിങ്കും അൻസിബ തന്റെ ഫേസ്ബുക്ക് പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഡിറ്റോറിയൽ വിഭാഗത്തിന്റെ പിഴവ് മൂലം സംഭവിച്ച വാർത്ത, പിന്നീട് പിഴവ് മനസിലാക്കിയ നിമിഷം തന്നെ വെബ്സൈറ്റിൽ നിന്നും ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരിലേക്ക് എത്തിയ വാർത്ത അൻസിബയ്ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. തെറ്റായ വാർത്ത നല്കാൻ ഇടയായതിലും ഇതുമൂലം അൻസിബ ഹസന് ഉണ്ടായ ബുദ്ധിമുട്ടുകൾക്കും മാനസികപ്രയാസങ്ങൾക്കും നിർവ്യാജം മാപ്പു ചോദിക്കുന്നു എന്നും ഖേദക്കുറിപ്പിൽ വ്യക്തമാക്കുന്നു.