കുമരകം: യാത്രാസൗകര്യങ്ങൾ ഇല്ലാത്ത പൊങ്ങലക്കരിയിലെ കൈത്തോടുകളിലൂടെ കുതിക്കുന്ന “അൻസിക’ എന്ന കുഞ്ഞൻ ബോട്ട് കോളനിനിവാസികൾക്കു കൗതുകമായി.
യാത്രാക്ലേശത്തിനു പരിഹാരമായി സ്ഥലവാസിയായ കപ്പടച്ചിറ കെ.ഒ. ജോസ് രൂപകല്പന ചെയ്തു സ്വയം നിർമിച്ചതാണ് “അൻസിക’.
പഞ്ചായത്തിലെ വികസനം എത്താത്ത പ്രദേശങ്ങളിൽ ഒന്നാംസ്ഥാനത്താണ് എട്ടാം വാർഡിലെ പടിഞ്ഞാറേക്കരി. രോഗികളെ ആശുപത്രിയിലെത്തിക്കുകയാണ് ബന്ധുക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി.
എട്ടു മാസമെങ്കിലും വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന സാധാരണക്കാരാണ് ഇവിടെയുള്ളത്.
യാത്രാ ക്ലേശത്തിനു പരിഹാരമായി റോഡും പാലവും പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ല എന്ന യാഥാർഥ്യത്തിന്റെ അനന്തരഫലമാണു കരിയിലെ ചെറുതോടുകളിലൂടെ ഒഴുകി സഞ്ചരിക്കുന്ന കുഞ്ഞൻ മോട്ടോർ ബോട്ട്.
വള്ളത്തിൽ ഘടിപ്പിക്കുന്ന യമഹാ എൻജിൻ ഉപയോഗിക്കാം. മേൽക്കൂര ഉള്ളതിനാൽ മഴയത്തും വെയിലത്തും യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ മൂന്നു പേർക്ക് സുഖമായി സഞ്ചരിക്കാം.
കേവലം ഒരു ലക്ഷം രൂപ മാത്രം മുടക്കി നിർമിച്ച ബോട്ടിന്റെ ടെക്നോളജി പൂർണമായും ജോസിന്റേതു മാത്രമാണ്. ആശാരിപ്പണിക്കാരനായ ജോസിനെ രാജു പത്തുപങ്കാണ് ബോട്ടു നിർമാണ മേഖലയിൽ എത്തിച്ചത്.
ഒരു ലിറ്റർ പെട്രോളിൽ അഞ്ചു കിലോമീറ്ററിലേറെ യാത്ര ചെയ്യാൻ സാധിക്കുന്ന ബോട്ട് ആഞ്ഞിലിത്തടി ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
പുറമെ ഫൈബർ ചെയ്തു പെയിന്റ് ചെയ്ത് നീറ്റിലിറക്കിയിരിക്കുന്ന ബോട്ടിനു കൈത്തോടുകളിൽ പോലും സഞ്ചരിക്കാമെന്നത് പ്രധാനനേട്ടമാണ്. കെ.ഒ. ജോസിന്റെ ഭാര്യ സുഭദ്ര. ജോസ്ന, ജോജി എന്നിവർ മക്കളാണ്.