ഇരിങ്ങാലക്കുട: മയക്കുമരുന്ന് നൽകി സ്വർണാഭരണങ്ങൾ കവർന്ന യുവതി അറസ്റ്റില്‍. പാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിയ്ക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്ത് പടിയൂരിലെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്ന് ചായയിലോ ശീതളപാനീയങ്ങളിലോ മയക്ക് മരുന്ന് കലർത്തി നൽകി ബോധം കെടുത്തി അവരുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പടിയൂർ സ്വദേശിയായ കൊല്ലത്ത് വീട്ടിൽ അൻസിയ എന്ന 22 വയസുകാരിയെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നിർദേശാനുസരണം കാട്ടൂർ എസ്ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു.
ആഭരണങ്ങൾ കവർന്ന ശേഷം സ്ത്രീകളെ ബസ് സ്റ്റോപ്പുകളിൽ എത്തിക്കുകയായിരുന്നു പതിവ്. പ്രതിയെ സമാന രീതിയിലുള്ള കുറ്റകൃത്യത്തിന് തൃശൂർ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണലൂർ സ്വദേശിയായ ഒരു സ്ത്രീയെയും കല്ലൂര്‍ സ്വദേശിയായ സ്ത്രീയുടെയുമാണ് ഇത്തരത്തിൽ ആഭരണങ്ങൾ കവർന്നത്.
ഒരു വർഷം മുൻപ് എടിഎം നന്പർ കരസ്ഥമാക്കി 75000 രൂപ തട്ടിച്ചതിന് തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിൽ പ്രതിക്കെതിരെ കേസുണ്ട്. മോഷ്ടിച്ച ആഭരണങ്ങൾ ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും ജ്വല്ലറികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എഎസ്ഐ പി.വി. ഹരിഹരൻ, സിപിഒ പ്രദോഷ്, ടി.കെ. സിന്ധു, എം.വി. സിന്ധു എന്നിവരാണ് ഉണ്ടായിരുന്നത്.