കളിച്ചുവളര്‍ന്നതും സൈക്കിളില്‍ കറങ്ങിയതും സിനിമയുടെ ആവേശവും ആരവങ്ങളും ആവോളം പടർന്ന കോടമ്പാക്കം തെരുവിൽ. വീടിനു വിളിപ്പാടകലെ സിനിമ പിറക്കുന്ന എവിഎം സ്റ്റുഡിയോ. ജയാനന്‍ വിന്‍സെന്റ്, അജയന് വിന്‍സെന്റ്, സാബു സിറിള്‍, പി. വാസു തുടങ്ങിയ സിനിമാക്കാരുടെ മക്കള്‍ സഹപാഠികള്‍.
ഇത്, സ്വപ്നത്തിലും ജീവിതത്തിലും ശ്വാസത്തില്‍ വരെയും സിനിമ കലര്ന്നവരുടെ ഇടയില്‍ കുട്ടിക്കാലത്തേ എത്തിപ്പെട്ട ഒരാള്‍ സിനിമയോടു പ്രണയത്തിലായതിന്റെ ഫ്ളാഷ്ബാക്ക്. അബ്രഹാമിന്റെ സന്തതികള്‍, റെമോ എന്നീ സിനിമകളിലൂടെ ക്ലിക്കായ യുവതാരം ആന്‍സണ്‍ പോളാണ് ഈ കോടമ്പാക്കം കഥയിലെ നായകൻ. റാഹേല്‍ മകന് കോരയാണ് ആന്‍സന്റെ പുതിയ റിലീസ്.
വിന്‍സെന്റ് മാഷിന്റെ ക്ലിക്ക്!
‘അച്ഛന്റെ തറയോട് ബിസിനസുമായി ബന്ധപ്പെട്ടാണ് തൃശൂരുനിന്നു കോടമ്പാക്കത്ത് എത്തിയത്. ഹോട്ടലുകളില്‍ വെയ്റ്റര്‍ പണി വരെ ചെയ്തു സിനിമയില്‍ എന്തെങ്കിലുമാകാന്‍ അലയുന്നവരുടെ പട്ടണം. അവിടെ എന്നെ സിനിമയുമായി അടുപ്പിച്ചത് അച്ഛന്റെ കസിൻ ബ്രദറും ഭാർഗവീനിലയം, മൈ ഡിയർ കുട്ടിച്ചാത്തൻ, അമരം ഉൾപ്പടെ 150ഓളം സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രഫറുമായ പി. ഡേവിഡ് അങ്കിൾ. അദ്ദേഹത്തിന്റെ വീട്ടിലെ മാഗസിനുകൾ കണ്ട് സിനിമ പരിചയിച്ചു. അദ്ദേഹം പറഞ്ഞ കഥകൾ കേട്ട് സിനിമയുമായി ഇഷ്ടത്തിലായി. അക്കാലത്തു ബാലതാരമാകാന്‍ ഒാഫറുണ്ടായിട്ടും വീട്ടില്‍ വിസമ്മതം.
ഒഴിവുനേരങ്ങളില്‍ സാബു സിറിളിന്റെ അച്ഛന് സിറിള്‍ അങ്കിളിന്റെ വീട്ടില്‍ പോകുമായിരുന്നു. അവിടെ അമരത്തിന്റെ ആര്‍ട്ട് വര്‍ക്കുകള്‍ കണ്ടിട്ടുണ്ട്. വിന്‍സെന്റ് മാഷാണ് എന്റെ ആദ്യത്തെ ഫോട്ടോയെടുത്തത്.
സിനിമയോടുള്ള കൗതുകത്തില്‍ സ്റ്റീഫന്‍ ദേവസിയുടെ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയിലും പോയിട്ടുണ്ട്. പല ഷാജി കൈലാസ് സിനിമകളുടെയും ബാക്ക് ഗ്രൗണ്ട് സ്കോര്‍ പിറന്നതിനു ഞാന്‍ സാക്ഷിയാണ്. അങ്ങനെ എനിക്കു ചുറ്റും സിനിമയുടെ ഒരു ലോകമുണ്ടായി.
ഒരു സീനെങ്കില്‍ ഒരു സീന്‍!
2011ല്‍ ട്യൂമറിനെത്തുടര്‍ന്ന് സര്‍ജറി വേണ്ടിവന്നു. ഒരു സീനെങ്കില്‍ ഒരു സീന്‍! ഇനി ജീവിതമുണ്ടെങ്കില്‍ സിനിമാനടനാകണം, ഞാന്‍ പറഞ്ഞു. കാല്‍സ്യം അടിഞ്ഞുകൂടിയതാണെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.
പിന്നീടു സിനിമ തന്നെയായി ലക്ഷ്യം. മുംബൈയില്‍ അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളില്‍ ചേര്‍ന്നു. മടങ്ങിയെത്തിയപ്പോള്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്ത കെക്യുവില്‍ അസി.ഡയറക്ടർ. നായിക പാര്‍വതി ഓമനക്കുട്ടൻ. ഷൂട്ടിംഗിനു മൂന്നു ദിവസം മുമ്പ് നായകനടൻ മാറിയതോടെ ആ വേഷം എന്നിലേക്കു വന്നു.
റെമോയിലെ വില്ലന്‍
വീണ്ടും സ്ക്രീനിലെത്തിയതു രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകത്തില്‍. തുടര്‍ന്ന് റെമോയും ഊഴവും. റെമോയിൽ കീര്‍ത്തി സുരേഷ്, ശിവകാര്ത്തികേയേന് എന്നിവര്‍ക്കൊപ്പം. എന്റെ കഥാപാത്രം ഡോ. വിശ്വം. ശിവകാര്‍ത്തികേയന്റെ ഒാപ്പോസിറ്റ് വേഷം. പിന്നീട് ധനുഷ്, സൂര്യ പടങ്ങളില്നിന്നുവരെ അതേ ടൈപ്പ് വേഷങ്ങള്‍ വന്നെങ്കിലും ചെയ്തില്ല.
സോളോയിലെ ജസ്റ്റിന് സൗത്തിലെ മികച്ച സഹനടനുള്ള സന്തോഷി പുരസ്കാരം. അതോടെ പെർഫോമൻസ് പ്രാധാന്യമുള്ള വേഷങ്ങളോട് ഇഷ്ടംകൂടി. കല, വിപ്ലവം, പ്രണയം ചെയ്യുന്നതിനിടെ ആട് 2ല്‍ വേറിട്ട ലുക്കുള്ള അണലി സാബുവായി. ഓവിയ പ്രധാന വേഷം ചെയ്ത 90 എംഎല് എന്ന തമിഴ് പടത്തില്‍ നായകനുമായി.
മമ്മൂക്കയ്ക്കൊപ്പം 83 ദിവസം
ആട് 2 ചെയ്യുമ്പോഴാണ് അബ്രഹാമിന്റെ സന്തതികളിലേക്കു വിളിച്ചത്. ഫിലിപ്പ് ഏബ്രഹാം…അതാണു കഥാപാത്രം. മമ്മൂക്ക എന്റെ ചേട്ടനായി അഭിനയിച്ചതും 83 ദിവസം ഒപ്പം ചെലവിടാനായതും വലിയ അനുഭവം. വീണ്ടും ഒന്നിച്ചു സിനിമകളുണ്ടാകുമെന്നാണു പ്രതീക്ഷ. തുടര്‍ന്നു തമിഴില്‍ കാര്‍ത്തിക്കൊപ്പം ‘തമ്പി’. വിജയ് സേതുപതി നിര്‍മിച്ച് ഞാന്‍ നായകനായ മഴയില്‍ നനയ്ക്കിറേന് നിരവധി ഫെസ്റ്റിവലുകളിലെത്തി. നായിക റീബ മോണിക്ക. ഗാംബ്ലറില്‍ നായകവേഷം. കോവിഡ്കാലത്ത് ഷുഗര്‍ എന്ന ഷോര്‍ട്ട്ഫിലിമിലും വേഷമിട്ടു.
അല്ലുവിന്റെ സെലക്ഷന്
തിരിച്ചുവരവില്‍ ചെയ്തത് എ രഞ്ജിത്ത് സിനിമ, താള്, റാഹേല്‍ മകന് കോര. സിനിമാ പശ്ചാത്തലമുള്ള റിയലിസ്റ്റിക് സൈക്കോളജിക്കല്‍ ത്രില്ലറാണ് “എ രഞ്ജിത് സിനിമ’. ആസിഫ് അലിയും ഞാനും മുഖ്യവേഷങ്ങളിൽ. എന്റെ നായിക ഹന്ന റെജി. രാജാസാഗര്‍ സംവിധാനം ചെയ്ത താള് 2000 കാലഘട്ടത്തിലെ കഥ പറയുന്ന റൊമാന്റിക് ത്രില്ലറാണ്.
നായിക ആരാധ്യ ആന്‍. അല്ലു അര്ജുന് നിര്‍മിക്കുന്ന തമിഴ്, തെലുങ്ക് ലവ് സ്റ്റോറിയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സംവിധാനം രാജേഷ് എം. ശെല്‍വ. അല്ലുവാണ് നായകവേഷത്തിലേക്ക് എന്നെ സെലക്ട് ചെയ്തത്. അദിതി റാവുവും കേതകി ശര്‍മയും നായികമാർ.
പാലാക്കാരന് കണ്ടക്ടര്‍
എന്റെ ആദ്യ നാടന്‍വേഷമാണ് ഉബൈനി സംവിധാനം ചെയ്ത റാഹേല്‍ മകന് കോരയിലേത്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പാലാക്കാരന് കോര. റാഹേലായി സ്മിനു സിജോ. മണ്മറഞ്ഞ അച്ഛന്റെ ആഗ്രഹത്തിലാണ് വീട്ടില്‍ സാമ്പത്തികമുണ്ടെങ്കിലും കോര പിഎസ്സിയെഴുതി കണ്ടക്ടറാകുന്നത്. കോര ആലപ്പുഴയിലെത്തുന്നതോടെ അവിടെ എംപാനലിലെ പെണ്‍കുട്ടിയുടെ ജോലി നഷ്ടമാകുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളും അവരുടെ പ്രണയവുമാണ് സിനിമ. നായിക മെറിന് ഫിലിപ്പ്. അമ്മ-മകന് ബന്ധത്തിന്റെ ഹൃദയംതൊടുന്ന മുഹൂര്‍ത്തങ്ങളുമുണ്ട്.
ഒരോ സിനിമ ചെയ്യുമ്പോഴും ആദ്യസിനിമയെന്നുള്ള കൗതുകമാണ്. എടുത്തുചാടി കുറേ സിനിമകളില്‍ തല കാണിക്കണമെന്നില്ല. പലതരം സ്ളാംഗുകളിലുള്ള കഥാപാത്രങ്ങളാവണം. കോരയില്‍ കോട്ടയം സ്ളാംഗാണ്. താളില്‍ തിരുവനന്തപുരവും. പുതിയ കണ്ടന്റുള്ള സിനിമകള്‍ ചെയ്യണം. ഫിലിപ്പ് അബ്രഹാമിനു കിട്ടിയ സ്നേഹം ഇപ്പോഴും തുടരുന്നുണ്ട്. ഇപ്പോഴുള്ള സ്പേസിൽ, സിനിമകളില്‍ ഞാന്‍ ഹാപ്പിയാണ്.’