രാമയണവും സിനിമ കഥകളും കൂട്ടിക്കലർത്തി എഴുതിയ ഒരു ഉത്തരക്കടലാസ് പങ്കുവച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. രാമനെയും രാവണനെയും സീതയെയും കുറിച്ചുള്ള വരികളിലാണ് സിനിമ ഡയലോഗുകൾ കുത്തിക്കേറ്റി ഒരു മിടുക്കൻ പൊട്ടിച്ചിരിപ്പിക്കുന്നത്. ഇതിന്റെ ഉടമ ആരാണെന്ന് വ്യക്തമല്ല.
“സീതയുടെ ചാരിത്രത്തെ സംശയിച്ചവരുടെ തലയാണ് വെട്ടെണ്ടത്’ എന്ന് പറഞ്ഞ് ഉത്തരക്കടലാസിൽ ആദ്യം ബാഹുബലിക്കു സ്ഥാനം നൽകി. “വാനരസംഘത്തോടൊപ്പം വന്നവനാണ് ഗാംഗ്സ്റ്റർ, രാവണൻ ഒറ്റയ്ക്കായിരുന്നു മോണ്‍സ്റ്റർ’ എന്ന് കുറിച്ച് കെജിഎഫ് സിനിമയിലേക്കായി അടുത്ത ചാട്ടം.
“പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണെന്ന്’ കുറിച്ച് പുലിമുരുകനും ഉത്തരക്കടലാസിൽ ഇടം കൊടുത്തു. “മുറവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു’, “ഏതെങ്കിലും പത്ത് രാജക്കന്മാരെ തല്ലി രാജാവായതല്ല രാവണൻ തല്ലിയ പത്ത് പേരും രാജാക്കന്മാരായിരുന്നു’ എന്ന് കുറിച്ച് കെജിഎഫിനെ വീണ്ടും ഉത്തരക്കടലാസിലേക്കു തിരികെ കൊണ്ടുവന്നു. ഇന്ദ്രനെയും കാലനെയും കുമ്പേരനെയുമാണ് രാജാക്കന്മാർക്ക് ഉദാഹരണമായി പറയുന്നത്.
ലങ്കയുടെ ഒരു വശത്ത് കടലും മറു വശത്ത് രാവണനുമായിരുന്നുവെന്ന് പറഞ്ഞ് മാസ് ഡയലോഗിലൂടെയാണ് തന്നെയാണ് ഉത്തരക്കടലാസ് അവസാനിപ്പിക്കുന്നത്. ഈ ഉത്തരക്കടലാസിന്റെ ഉടമയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഏറെ ചിരിയാണ് ഇത് സമ്മാനിക്കുന്നത്.