സ്റ്റണ്ട് വുമൺ ടിസി ഹോഡ്സൺ 48 വർഷം മുമ്പ് മോട്ടോർ സൈക്കിൾ സ്റ്റണ്ട് ജോലിക്ക് ഏറെ പ്രതീക്ഷയോടെയാണ് അപേക്ഷ അയച്ചത്. കുറെ നാൾ കാത്തിരുന്നെങ്കിലും മറുപടിയൊന്നും വന്നില്ല. അവസാനം അങ്ങനെയൊരു അപേക്ഷ അയച്ച കാര്യം തന്നെ ടിസി ഹോഡ്സൺ മറന്നു.
ഇപ്പോഴിതാ 48 വർഷങ്ങൾക്ക് ശേഷം തന്റെ 70-ാം വയസിൽ, അഞ്ച് പതിറ്റാണ്ടിന് ശേഷം ടിസി ഹോഡ്സണിനെ ജോലിക്ക് തെരഞ്ഞെടുത്തു എന്ന കത്ത് ലഭിച്ചു. കാര്യം എന്താണെന്ന് ആദ്യം വ്യക്തമായില്ലെങ്കിലും പിന്നീടാണ് 48 വർഷം മുമ്പ് അയച്ച അപേക്ഷയുടെ മറുപടിയാണെന്ന് ടിസിക്ക് വ്യക്തമായത്.
ടിസിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള കത്ത് പോസ്റ്റ് ചെയ്യപ്പെട്ടത് 1976 ജനുവരിയിലായിരുന്നു. എന്നാൽ ഏതോ പോസ്റ്റോഫീസിലെ മേശ വലിപ്പിൽ ആ എഴുത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം കിടന്നു. അങ്ങനെ കത്ത് ഒടുവിൽ ടിസിയെ തേടി എത്തിയപ്പോൾ അതിന് മുകളിൽ ഒരു ക്ഷമാപണ കുറിപ്പും ഉണ്ടായിരുന്നു. ‘സ്റ്റെയിൻസ് പോസ്റ്റ് ഓഫീസ് വൈകി ഡെലിവറി ചെയ്തു. ഒരു തിരച്ചിലിനിടെ കണ്ടെത്തി. പക്ഷേ, ഏകദേശം 50 വർഷം വൈകി’ എന്നായിരുന്നു ആ കുറിപ്പ്.
“എന്തുകൊണ്ടാണ് ജോലിയെക്കുറിച്ച് വീണ്ടും കേൾക്കാത്തതെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്കറിയാം,” ടിസി ഹോഡ്സൺ ഒരു മാധ്യമത്തോട് പറഞ്ഞു. അന്ന് താമസിച്ചിരുന്ന ലണ്ടനിലെ ഒരു ഫ്ലാറ്റിൽ വച്ച് ആപ്ലിക്കേഷൻ ടൈപ്പ് ചെയ്തതായി ഹോഡ്സൺ ഓർത്തെടുത്തു. ഒരിക്കലും വരാത്ത പ്രതികരണത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. “എല്ലാ ദിവസവും ഞാൻ എന്റെ പോസ്റ്റിനായി തെരഞ്ഞു, പക്ഷേ അവിടെ ഒന്നും ഉണ്ടായിരുന്നില്ല, ഞാൻ വളരെ നിരാശനായിരുന്നു, കാരണം ഞാൻ ശരിക്കും ഒരു മോട്ടോർ സൈക്കിളിൽ ഒരു സ്റ്റണ്ട് റൈഡറാകാൻ ആഗ്രഹിച്ചു. ഇത്രയും കാലം കഴിഞ്ഞ് അത് തിരികെ ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്,” 70 -താമത്തെ വയസില് തന്നെ തേടിയെത്തിയ ജോലിയെ കുറിച്ച് അവർ പറഞ്ഞു.