പരീക്ഷ ഹാള്‍ മിക്കവരുടെയും പരീക്ഷണശാല കൂടിയാണ്. കൈയിലേക്ക് ഭവ്യതയോടെ ഏറ്റുവാങ്ങുന്ന ചോദ്യക്കടലാസ് പൊള്ളിക്കുന്നത് മിക്കപ്പോഴും അത് വായിച്ചുനോക്കുമ്പോഴാണ്. എവിടെയോ കണ്ടുമറന്ന മുഖങ്ങളെ പോലെ ഉത്തരങ്ങള്‍ ചിന്തയുടെ കണ്‍വെട്ടത്ത് കിടന്ന് കറങ്ങും.
അതിനെ കണ്ടെത്താന്‍ ശ്രമിച്ച് ഒടുവില്‍ പലരും പലതും അങ്ങെഴുതും. ചില വിരുതന്മാര് ഈ സമയം കലാകാരന്മാരായി മാറും. അവര്‍ കഥകളും പാട്ടുമൊക്കെ കുത്തിക്കുറിക്കും.
അത്തരത്തില്‍ സ്വന്തം ഉത്തരക്കടലാസില്‍ സിനിമാപ്പാട്ടെഴുതി എയറിലായ ഒരു വിദ്യാര്‍ഥിയുടെ കാര്യമാണിത്.ചണ്ഡീഗഡ് സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിയാണ് കക്ഷി.
പരീക്ഷയില്‍ ഉത്തരം ഒന്നുമറിയാത്ത ടിയാന് ആകെ മൂന്ന് ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതിയത്. എന്നാല്‍ ഈ ഉത്തരങ്ങളൊക്കെ ചലച്ചിത്ര ഗാനങ്ങളായിരുന്നു.
ആദ്യത്തെ ഉത്തരം ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിലെ ഗീവ് മീ സം സണ്‍ഷൈന്‍, ഗീവ് മീ സം റെയ്ന്‍ എന്ന ഗാനത്തിന്റെ വരികളാണ്.
രണ്ടാമത്തെ ഉത്തരം അധ്യാപികയെ ഒന്ന് പുകഴ്ത്തിയതാണ്. താങ്കള്‍ മികച്ച ടീച്ചറാണ്. നന്നായി പഠിക്കാത്തത് എന്റെ മാത്രം കുറ്റമാണ്. ദൈവമേ എനിക്ക് എന്തെങ്കിലും കഴിവുകള്‍ തരണേ എന്ന പ്രാര്ഥനയാണാ ഉത്തരം.
മൂന്നാമത്തെ ഉത്തരം വീണ്ടും ഹിന്ദി ചിത്രമായ പികെയിലെ “ഭഗവാന് ഹേ കഹാന്‍ രേ തു’ എന്ന ഗാനമായിരുന്നു
എന്നാല്‍ ഈ ഉത്തരങ്ങള്‍ ആസ്വദിച്ച ടീച്ചര്‍ ഒരു കലക്കന്‍ മറുപടിയും ചുവപ്പ് മഷിയില്‍ കുറിച്ചു. “കൊള്ളാം പക്ഷേ ഇത് ഇവിടെ വര്‍ക്ക് ആകില്ല. നിങ്ങള്‍ കൂടുതല്‍ ഉത്തരങ്ങള്‍ (പാട്ടുകള്‍) എഴുതണം’ എന്നാണവര്‍ കുറിച്ചത്.
ഏതായാലും ഉത്തരവും വിലയിരുത്തലും സമൂഹ മാധ്യമങ്ങള്‍ക്ക് നന്നേ ബോധിച്ചു. രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. “വിദ്യാര്‍ഥിയും ടീച്ചറും നല്ല വൈബുള്ളവര്തന്നെ’ എന്നാണൊരാള്‍ കുറിച്ചത്.