എടത്വ: പ്രകൃതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ആന്റപ്പന് അമ്പിയായം (39) ഓര്‍മയായിട്ട് ഇന്ന് 11 വര്‍ഷം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടക്കീഴില് അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ആന്റപ്പന് അമ്പിയായത്തിന്റെ ഹരിത ചിന്തകള്‍ക്ക് സ്മരണ പുതുക്കി സുഹൃത്തുക്കള്‍ മഴമിത്രത്തില്‍ ഒത്തുചേരും.
കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും ആന്റപ്പന് അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ കല്ലറയിലും മഴമിത്രത്തിലും പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര അധ്യക്ഷത വഹിക്കും.
എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ഓഫ് എടത്വ ടൗണ്‍ പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍ മുഖ്യസന്ദേശം നല്‍കും.മലങ്കര ഓര്‍ത്തഡോക്സ് സഭാ കവി സിപി ചാണ്ടി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ആചാര്യ അവാര്‍ഡ് നേടിയ ആന്റപ്പന് അമ്പിയായം സ്മാരക സമിതി വൈസ് പ്രസിഡന്റ് ജി. രാധാകൃഷ്ണനെ ആദരിക്കുമെന്ന് കുട്ടനാട് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി അഡ്വ. വിനോദ് വര്‍ഗീസ്, ആന്റപ്പന് അമ്പിയായം സ്മാരക സമിതി പ്രസിഡന്റ് ഡോ. ജോണ്സണ് വി.ഇടിക്കുള എന്നിവര്‍ അറിയിച്ചു.
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ 80 വയസു പ്രൂര്‍ത്തിയായ നാള് എടത്വ പള്ളിയുടെ ചുറ്റും 80 വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് ആന്റപ്പന് ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോടൊപ്പം ജന്മദിനം കൊണ്ടാടിയത്. നിരവധി വൃക്ഷങ്ങളാണ് എടത്വ ഗ്രാമത്തില്‍ ഗ്രീന്‍ കമ്യുണിറ്റി സ്ഥാപകനായ ആന്റപ്പന് അമ്പിയായം നട്ടത്.
2010 ല്‍ തിരുവനന്തപുരത്ത് പരിസ്ഥിതി ഉച്ചകോടി ആന്റപ്പന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. ശുദ്ധമായ വായു, ശുദ്ധമായ ജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്കു പരിശുദ്ധിയോടെ നല്‍കണമെന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രകൃതി സഹവാസ ക്യാമ്പുകള്‍ ആന്റപ്പന് കേരളത്തിലുടനീളം സംഘടിപ്പിച്ചത്.
ഇന്ന് രാജ്യമെമ്പാടും ഗ്രീന്‍ കമ്യുണിറ്റി പ്രവര്‍ത്തകര്‍ ആ ദീര്‍ഘവീക്ഷണശാലിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി നിലകൊളളുന്നു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉള്ള യാത്രയില്‍ 2013 ജൂണ്‍ 3 ന് എറണാകുളത്തുവച്ചു നടന്ന ബൈക്ക് അപകടത്തിലൂടെയാണ് പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പന് അമ്പിയായം ലോകത്തോട് വിട ചൊല്ലിയത്. കേരളത്തിലെ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളില്‍ വ്യക്ഷത്തൈ നട്ട് അനുസ്മരണം നടത്തും.