15 മുതല്‍ 30 മീറ്റര്‍ വരെ ഉയരവും 200 മുതല്‍ 400 മീറ്റര്‍ വരെ നീളവുമായിരുന്നു, പടുകൂറ്റന്‍ കപ്പലായിരുന്ന ടൈറ്റാനിക്കിനെ തകര്‍ത്ത, ആ മഞ്ഞുമലയ്ക്കുണ്ടായിരുന്നത്. എന്നാല്‍ അതിനെക്കാളൊക്കെ വലിയ മഞ്ഞുമലയാണ് ഉടന്‍തന്നെ പിറവിയെടുക്കാന്‍ പോവുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞുമലയായ ലാര്‍സന്‍ സിയുടെ ഒരു വലിയ ഭാഗം ഏതുനിമിഷവും പൊട്ടിയടര്‍ന്നു പോകാവുന്ന അവസ്ഥയിലാണെന്നതാണ് പുതിയ മഞ്ഞുമലയുടെ പിറവിയ്ക്ക് കാരണമാവുന്നത്. അത്രയും നീളന്‍ വിള്ളലാണ് മഞ്ഞുമലയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാളുകള്‍ കഴിയുന്തോറും വിള്ളലിന്റെ നീളം അടിയ്ക്കടി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പാതിഭാസത്തിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇതുവരെയും കണ്ടെത്താനുമായിട്ടില്ല. ഒറ്റയാഴ്ച കൊണ്ട് 17 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ വിള്ളലുണ്ടായത്. ഇനി മഞ്ഞുമലയുടെ അറ്റം കാണാന്‍ 13 കി.മീ. കൂടി മതി.
ഏതുനിമിഷം വേണമെങ്കിലും ലാര്‍സന്‍ സിയുടെ 10 ശതമാനം വരുന്ന ഭാഗം തകര്‍ന്നു വേര്‍പ്പെട്ടേക്കാം. അരലക്ഷം ചതുരശ്ര കിലോമീറ്ററാണ് ലാര്‍സന്‍ സിയുടെ ആകെ വലിപ്പം. 350 അടി കനവുമുണ്ട്. വിള്ളല്‍വഴി വേര്‍പ്പെട്ടു വരുന്ന ഹിമാനിക്കാകട്ടെ 5000 ചതുരശ്ര കിലോമീറ്ററെങ്കിലും വലുപ്പമുണ്ടാകും. അതായത് ദക്ഷിണധ്രുവത്തില്‍ ഇന്നേവരെ രൂപപ്പെട്ടതില്‍ ഏറ്റവും വലിയ ഹിമാനിക്കായിരിക്കും ഇത്തവണ ലോകം സാക്ഷ്യം വഹിക്കുക. ഇവ അതിവേഗം കടലിലേക്കു സഞ്ചരിക്കുമെന്ന പ്രശ്‌നവുമുണ്ട്. അതിനു കാരണമാകുന്നതാകട്ടെ ആഗോളതാപനം കാരണം ചൂടേറുന്നതും. നിലവിലെ സാഹചര്യത്തില്‍ ഈ ‘തകര്‍ച്ച’ തടയാന്‍ യാതൊരു വഴിയുമില്ലെന്നും ഗവേഷകര്‍ പറയുന്നു.
മാത്രവുമല്ല, അന്റാര്‍ട്ടിക്ക ഉപദ്വീപിന്റെ മുഖച്ഛായ തന്നെ മാറ്റിമറിയ്ക്കുന്നതായിരിക്കും ഈ പ്രതിഭാസം. ഒരുപക്ഷേ ലാര്‍സന്‍ സി മഞ്ഞുമല മൊത്തമായി ചിതറിത്തെറിച്ചു പോകാനും ഈ വിള്ളല്‍ മതിയാകും. അങ്ങനെ സംഭവിച്ചാല്‍ പ്രതിസന്ധി പിന്നെയും രൂക്ഷമാകും. പൊട്ടിത്തകര്‍ന്നു രൂപപ്പെടുന്ന വമ്പന്‍ മഞ്ഞുകട്ടകളുടെ സമുദ്രത്തിലേക്കുള്ള ഒഴുക്കിന്റെ വേഗതയും വര്‍ധിക്കുമെന്നതാണ് പ്രധാന പ്രശ്‌നം. അതുവഴി സമുദ്രജലനിരപ്പും വര്‍ധിക്കും. ഇത് തീരപ്രദേശങ്ങളെയും വന്‍നഗരങ്ങളെയും ദ്വീപുകളെയും ഉള്‍പ്പെടെ ബാധിക്കും. കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഈ മഞ്ഞുമലകള്‍ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. എത്ര ആധുനിക സംവിധാനങ്ങളുണ്ടെന്ന് പറഞ്ഞാലും അപ്രതീക്ഷിതമായി മഞ്ഞുമലകള്‍ പോട്ടിയടരുമ്പോള്‍ അവയെ നേരിടാന്‍ പുതിയ പലവഴികളും കണ്ടെത്തേണ്ടതായിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.