വൈക്കം: ദുർഗന്ധം വമിച്ച് നഗരത്തിലൂടെ കടന്നുപോകുന്ന മാലിന്യവാഹിനിയായ അന്ധകാരത്തോടിന് ശാപമോക്ഷമാകുന്നു. ‘ഇനി ഞാനൊഴുകട്ടെ’ എന്ന സന്ദേശമുയർത്തി കേരള ഹരിതമിഷന്റെയും വൈക്കം നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് നീരൊഴുക്ക് നിലച്ച അന്ധകാരത്തോട് ശുചീകരിക്കാനുള്ള പദ്ധതി തയാറാക്കുന്നത്. നഗരസഭ സംഘടിപ്പിച്ച ആലോചനായോഗത്തിൽ ജനകീയ പങ്കാളിത്തത്തോടെ തോട് ശുചീകരിക്കാൻ തീരുമാനമായി.
വ്യാപാരഭവൻ ഹാളിൽ ചേർന്ന യോഗം നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. മുന്നോടിയായി വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സർവേ നടത്തി പദ്ധതി രൂപീകരിക്കും. കെ.വി കനാലിൽ നിന്നും വെള്ളം പെട്ടിയും പറയും സ്ഥാപിച്ച് അന്ധകാരതോട്ടിലേക്ക് കയറ്റിയിറക്കുന്ന പദ്ധതിയും പരിഗണിക്കുന്നുണ്ട്. തോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്ന കുഴലുകൾ കണ്ടെത്തി നീക്കം ചെയ്യും. തോട്ടിലെ ചെളിയും മാലിന്യവും നീക്കിയതിനുശേഷം തോടിന്റെ ഇരുകരകളും സൗന്ദര്യവൽക്കരിക്കാനും ആലോചനായോഗത്തിൽ തീരുമാനമായി.
കൗണ്‍സിലർ എൻ.അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സണ്‍ എസ്. ഇന്ദിരാദേവി, നഗരസഭ കൗണ്‍സിലർമാരായ അഡ്വ. അംബരീഷ് ജി. വാസു, ബിജു കണ്ണേഴൻ, ആർ. സന്തോഷ്, സൗദാമിനി, ഹെൽത്ത് ഇൻസ്പെക്്ടർ സുനിമോൾ, സെക്രട്ടറി രമ്യാ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നതിനായി ഭാരവാഹികളായി സി.കെ ആശ എംഎൽഎ, നഗരസഭ ചെയർമാൻ പി.ശശിധരൻ, എൻ.അനിൽ ബിശ്വാസ്, ബിജു കണ്ണേഴത്ത് (രക്ഷാധികാരികൾ), അഡ്വ. അംബരീഷ് ജി.വാസു (ചെയർമാൻ), ആർ.സന്തോഷ് (കണ്‍വീനർ), രമ്യാ കൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.