കോട്ടയം: ഭർത്താവ് മരിച്ചത് വാസ്തുദോഷം മൂലമാണെന്നു വിശ്വസിപ്പിച്ച് ഭാര്യയെ കബളിപ്പിച്ച് ഏഴു ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതി. പൂവൻതുരുത്ത് സ്വദേശിയായ അൻപതുകാരിയാണ് ഇതു സംബന്ധിച്ച് കോടതി മുഖേന പോലീസിൽ പരാതി നല്‍കിയത്.
കോടതി നിർദേശം പ്രകാരം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാറന്പുഴ സ്വദേശിയായ ബാബു എന്നയാൾക്കെതിരേയാണ് വീട്ടമ്മയുടെ പരാതി.പരാതിക്കാരിയുടെ ഭർത്താവ് മരിച്ചത് വാസ്തു ദോഷം മൂലമാണെന്നും വീട് പൊളിച്ച് പണിയണമെന്നും പറഞ്ഞ് പലപ്പോഴായി ഏഴു ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് പരാതി.
അതേ സമയം പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയാനാവില്ലെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു. വീട്ടമ്മയുടെ വീട് പണി നടക്കുന്ന സമയത്ത് മറ്റൊരു പരാതി പോലീസിന് നല്‍കിയിരുന്നതായും പോലീസ് വ്യക്തമാക്കി.