ഭൂകന്പത്തിലും പതറാതെ യാത്രാവിമാനത്തിനു വഴികാട്ടി ജീവൻ ത്യജിച്ച് ഇന്തോനേഷ്യൻ യുവാവ്. പാലു നഗരത്തിലെ അൽജുഫ്രി വിമാനത്താവളത്തിൽ എയർട്രാഫിക് കൺട്രോളറായി ജോലിചെയ്തിരുന്ന ഇരുപത്തൊന്നുകാരൻ അന്തോണിയസ് ഗുണവാംഗ് അഗംഗ് ആണ് അസാധാരണ ധൈര്യം പ്രകടിപ്പിച്ചത്.
വെള്ളിയാഴ്ച സുലവേസി ദ്വീപ് തുടർച്ചയായ ഭൂചലനങ്ങളിൽ വിറയ്ക്കുന്പോൾ വിമാനത്താവളത്തിൽ ജോലിയിലായിരുന്നു അന്തോണിയസ്. ഈ സമയത്താണ് ബാതിക് എയർ കന്പനിയുടെ ഫ്ലൈറ്റ് 6231 വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നത്. ജീവൻ രക്ഷിക്കാൻ ഓഫീസ് വിടണമെന്ന് സഹപ്രവർത്തകർ അന്തോണിയസിനോട് അഭ്യർഥിച്ചു. എന്നാൽ, വിമാനം സുരക്ഷിതമായി ആകാശത്തേക്ക് ഉയർന്നിട്ടേ താൻ ജോലി നിർത്തൂ എന്ന് ഇദ്ദേഹം പറഞ്ഞു.
വിമാനം സുരക്ഷിതമായി പറന്നുയർന്നപ്പോഴേക്കും ശക്തമായ ഭൂചലനം ഓഫീസ് കെട്ടിടത്തെ കുലുക്കി. നാലുനിലക്കെട്ടിടത്തിൽനിന്ന് താഴേക്കു ചാടി രക്ഷപ്പെടാൻ അന്തോണിയസ് ശ്രമിച്ചു. കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഉടൻ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു.
ഇവിടെ സൗകര്യങ്ങൾ അപര്യാപ്തമായിരുന്നു. ഹെലികോപ്റ്ററിൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾക്കിടെ അന്തോണിയസ് ജീവൻ വെടിഞ്ഞു. അന്തോണിയസിനെ ദേശീയഹീറോയായി പലരും വാഴ്ത്തി.