തളിപ്പറമ്പ്: വിവാദങ്ങള്‍ക്കിടെ ഇന്നലെ ആന്തൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. പാര്‍ഥ കണ്വെന്ഷന് സെന്റർ ഉടമയുടെ ആത്മഹത്യക്കു ശേഷം നടക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമായിരുന്നുവെങ്കിലും കണ്വെന്ഷന് സെന്ററുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും യോഗത്തില്‍ ഉന്നയിക്കപ്പെട്ടില്ല. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കിടെയാണ് ആന്തൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
കണ്വന്ഷന് സെന്ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒന്നും കൗണ്‍സിലിന്റെ പരിഗണനക്ക് വന്നില്ല. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തതിന് ശേഷമുള്ള ആദ്യത്തെ യോഗമാണ് വെള്ളിയാഴ്ച്ച നടന്നത്. 25 അജണ്ടകളാണ് കൗണ്‍സിലിന്റെ പരിഗണനക്ക് വന്നത്.
ലൈഫ് ഭവന പദ്ധതിയും വിവിധ ക്ഷേമ പെന്ഷനുകളുമായും ബന്ധപ്പെട്ടവയായിരുന്നു ഇതില്‍ കൂടുതലും. ധര്‍മശാല കമ്മ്യൂണിറ്റി ഗാര്‍ഡനില്‍ പേ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ആവശ്യമായ സ്ഥലങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ് വയ്ക്കുന്നതിന് യോഗം അനുമതി നല്കി. 12 ബോര്‍ഡുകളാണ് സ്ഥാപിക്കുക.
ഇതിന് 75,000 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. റിവര്‍ ക്രൂയിസം പദ്ധതിക്ക് പറശിനി പുഴയും കരപ്രദേശവും ഉപയോഗിക്കുന്നതിന് സര്‍ക്കാറിന്റെ അനുമതിക്കായുള്ള കത്ത്, ഇന്റര്‍ലോക്ക് സ്ഥാപനത്തിലേക്ക് ഇലക്ട്രിക്ക് മോട്ടോര്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി എന്നിവയുമാണ് പ്രധാനമായും പരിഗണിച്ച മറ്റ് അജണ്ടകള്‍.
ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള അധ്യക്ഷത വഹിച്ചു. ശ്യാമളക്കെതിരെ രംഗത്തുവന്ന വൈസ് ചെയര്മാന് കെ.ഷാജു ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തുവെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല.