കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി പാറയിൽ സാജനു പിന്നാലെ ആന്തൂരിലെ മറ്റൊരു പ്രവാസി വ്യവസായിക്കു കൂടി സിപിഎം വനിതാ കൗൺസിലറുടെ നേതൃത്വത്തിൽ പീഡനമെന്ന് ആരോപണം. പ്രവാസി ജീവിതത്തിനിടയിൽ സ്വരു കൂട്ടിവച്ച സന്പാദ്യം ഉപയോഗിച്ച് വീടുവയ്ക്കാൻ വാങ്ങിയ സ്ഥാലത്തിൽ കൂടി വഴി അനുവദിക്കണെന്ന് ആവശ്യപ്പെട്ടാണ് കൗൺസിലറുടെ നേതൃത്വത്തിൽ പീഡനം.
ആന്തൂർ നഗരസഭയിലെ തളിയിൽ എരഞ്ഞിക്കൽ ക്ഷേത്രത്തിനു സമീപത്തെ ആലിങ്കീൽ രമേശനാണ് നിരന്തര ഭീഷണിയും പീഡനവും എൽക്കേണ്ടി വരുന്നത്.സിപിഎം കൗൺസിലറുടെ വീട്ടിലേക്ക് നിലവിൽ ഫലപ്രദമായ വഴി നിലവിലിരിക്കെയാണ് സിപിഎം അനുഭാവി കൂടിയായ പ്രവാസിയെ വഴിക്ക് സ്ഥലം അനുവദിക്കണമെന്നു കാണിച്ച് പീഡിപ്പിക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വില്ലേജ് ഓഫീസറെ സമ്മർദ്ധത്തിലാക്കി അനുകൂലമായ റിപ്പോർട്ടും ഇവർ സന്പാദിച്ചുവത്രെ.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർഡിഒ ഓഫീസിൽനിന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് രമേശൻ പോലും ഇക്കാര്യം അറിയുന്നത്.രമേശൻ ഇതോടെ തളിപ്പറന്പ് മുൻസീഫ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിൽ ഫോണിലൂടെയും മറ്റും സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നിരന്തര ഭീഷണിയാണെന്നും പറയുന്നു.
ഇതിനിടെ യഥാർഥ വസ്തുത മനസിലാക്കിയ കോടതി കൗൺസിലർക്ക് രമേശന്റ സ്ഥലത്ത് പ്രവേശിക്കരുതെന്നു കാണിച്ച് ഇഞ്ചക്ഷൻ ഓർഡറും നൽകി. എന്നാൽ ഈ ഉത്തരവ് നിലനില്ക്കെ ഇന്നലെ ഒരുസംഘം സ്ഥലം കൈയേറി ചുറ്റുമതിൽ തകർത്തു. സംഭവമറിഞ്ഞ് വളപട്ടണം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രവാസി രമേശനുമായി ശത്രുതയില്ല: കൗൺസിലർ
കണ്ണൂർ: ആന്തൂരിലെ പ്രവാസി രമേശന്റെ സ്ഥലത്തുകൂടി വഴി നൽകാത്തതിനെ തുടർന്ന് റവന്യൂ അധികൃതരെ സമീപിച്ചുവെന്നും എന്നാൽ രമേശനുമായി യാതൊരു പ്രശ്നവും നിലവിലില്ലെന്നും ആന്തൂർ നഗരസഭ കൗൺസിലർ ടി.യു. സുനിത രാഷ്ട്രദീപികയോടെ പറഞ്ഞു. അദ്ദേഹത്തിന് തന്റെയോ പാർട്ടി പ്രവർത്തകരുടെയോ ഭീഷണിയുണ്ടെന്ന ആരോപണം ശരിയല്ല. അസുഖത്തെ തുടർന്ന് താൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും രമേശന്റെ സ്ഥലത്തെ ചുറ്റുമതിൽ തകർത്ത കാര്യം മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാത്രമാണ് അറിയുന്നതെന്നും അവർ പറഞ്ഞു.