സ്വന്തം ലേഖകൻ
തൃശൂർ: അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളിൽ ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഉൗർജിതപ്പെടുത്തിയതായി ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചു.
ജനങ്ങൾക്ക് ആശങ്കയോ ഭീതിയോ വേണ്ടെന്നും, ആന്ത്രാക്സ് മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും കളക്ടർ പറഞ്ഞു.
വളർത്തുമൃഗങ്ങളിലോ കന്നുകാലികളിലോ ഇതുവരെയും രോഗം കണ്ടെത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.ചത്ത കാട്ടുപന്നികളിൽ രോഗം സ്ഥിരീകരിച്ച ഉടൻതന്നെ ഉന്നതതല യോഗം ചേർന്ന് കൈക്കൊള്ളേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്തു.
കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. 2020ലും പ്രദേശത്ത് ഇത്തരത്തിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് റിപ്പോർട്ടു ചെയ്തിരുന്നുവെന്നും അന്നും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും വിദഗ്ധർ പറയുന്നു.
വെറ്ററിനറി ഡോക്ടർമാർ ഇന്നലെ രാവിലെതന്നെ അതിരപ്പിള്ളി മേഖലയിലെത്തി. ചത്ത പന്നികളെ കുഴിച്ചിട്ട പതിമൂന്നുപേരെ പ്രാഥമിക സന്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ആന്ത്രാക്സ് കൂടുതൽ വേഗത്തിൽ പടരുന്നത് വേനൽക്കാലത്താണെന്നും മഴയും തണുത്ത കാലാവസ്ഥയും ഉള്ളതിനാൽ രോഗം പടർന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്.
സൂക്ഷിക്കണം
ആന്ത്രാക്സ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരില്ലെങ്കിലും ജാഗ്രത വേണം. രോഗംബാധിച്ചു ചത്ത മൃഗങ്ങളുടെ തോൽ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർക്ക് ചർമരോഗമുണ്ടാകാൻ സാധ്യതയണ്ട്.
തമിഴ്നാട്ടിൽ തുകൽ സംസ്കരണ ഫാക്ടറിയിൽ മുൻകരുതലില്ലാതെ പണിചെയ്ത തൊഴിലാളികൾക്കിടയിൽ ഈ രോഗം കണ്ടിരുന്നതായി പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൃഗങ്ങൾ കൂട്ടത്തോടെ ചത്തുവീഴുന്നത് ശ്രദ്ധയിൽ പെട്ടാൽ അവയുടെ അടുത്തുപോകാതെ വിവരം ആരോഗ്യവകുപ്പ് അധികൃതരെയോ വെറ്ററിനറി വിദഗ്ധരെയോ ഉടൻ അറിയിക്കണം.ആന്ത്രാക്സ് ബാധിച്ച മൃഗങ്ങളുടെ പാലും ഇറച്ചിയും ഉപയോഗിക്കരുത്.
ഇവയുടെ ജഡം ആഴവും വീതിയുമുള്ള കുഴിയിൽ കുമ്മായമിട്ട് കുഴിച്ചുമൂടുകയോ കത്തിക്കുകയോ വേണം.
കണ്ട്രോൾ റൂം
ജില്ലയിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കണ്ട്രോൾ റൂം തുറന്നു. നന്പർ: 0487-2424223 അതിരപ്പിള്ളി പഞ്ചായത്തിലെ വളർത്തു മൃഗങ്ങൾക്ക് വാക്സിൻ നൽകാനും തീരുമാനമായി.