ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുന്നതിനിടയില്‍ മെട്രോ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ച് ഇറാനിയന്‍ സുരക്ഷാ സേന.
ടെഹ്റാനിലെ മെട്രോ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ ഹിജാബ് കത്തിച്ച് പ്രതിഷേധിക്കുമ്പോഴാണ് സുരക്ഷാസേനയുടെ വെടിവയ്പ്പുണ്ടായത്.
വെടിവയ്പ്പിന് പിന്നാലെ ജനങ്ങള്‍ സ്റ്റേഷനില്‍ നിന്നു കൂട്ടത്തോടെ ഓടുന്നതിന്റേയും മറ്റും വീഡിയോ പുറത്തു വന്നിട്ടുണ്ട്.
സുരക്ഷാ സേനാ അംഗങ്ങള്‍ ട്രെയിനിനകത്തു കയറി ബാറ്റണ്‍ കൊണ്ട് സ്ത്രീകളെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും അടക്കമുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
അതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെ ഭീകരരുടെ വെടിവയ്പ്പുമുണ്ടായി. ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്.
ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 22കാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധ സമരങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നിരവധി യുവാക്കളെ മര്‍ദ്ദിച്ചു കൊല്ലുകയും ചെയ്തു.