ഇറാനില് മതകാര്യ പോലീസിനെ പിരിച്ചു വിട്ടു. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരത്തിനൊടുവിലാണ് ഇറാനിയന് ഭരണകൂടം ഈ തീരുമാനം കൈക്കൊണ്ടത്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്ദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബര് 16ന് മരിച്ചതിനു പിന്നാലെ രാജ്യത്തെ വിവിധ സര്വകലാല വിദ്യാര്ഥികളാണു പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിനു തുടക്കമിട്ടത്.
അമിനിയുടെ മരണം മര്ദനം മൂലമല്ലെന്നും നേരത്തെ ഉണ്ടായിരുന്ന രോഗങ്ങളെ തുടര്ന്നാണെന്നും ഫൊറന്സിക് റിപ്പോര്ട്ടുകളെ ഉദ്ധരിച്ച് സര്ക്കാര് വ്യക്തമാക്കിയെങ്കിലും സമരക്കാര് പിന്മാറിയില്ല.
തുടര്ന്ന് രാജ്യമാകെ പ്രക്ഷോഭം കത്തിപ്പടരുകയായിരുന്നു. പിന്നീട് കായിക താരങ്ങളുള്പ്പെടെയുള്ളവര് അന്താരാഷ്ട്ര വേദികളില് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ലോകത്തിന്റെ തന്നെ വികാരം ഇറാനെതിരായി മാറി.
നീതിന്യായ വ്യവസ്ഥയില് മതകാര്യ പോലീസിനു സ്ഥാനമില്ലെന്ന് അറ്റോര്ണി ജനറല് മുഹമ്മദ് ജാഫര് മൊണ്ടസേരി പറഞ്ഞു.
സ്ത്രീകള് തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് പാര്ലമെന്റും ജുഡീഷ്യറിയും ചര്ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറ്റോര്ണി ജനറല് പറഞ്ഞിരുന്നു.
യുഎസ് പിന്തുണയുള്ള രാജവാഴ്ചയെ അട്ടിമറിച്ച് 1979ല് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് സ്ഥാപിച്ചതിനു നാല് വര്ഷത്തിന് ശേഷമാണ് രാജ്യത്ത് ഹിജാബ് നിര്ബന്ധമാക്കിയത്.
മഹമൂദ് അഹമ്മദി നെജാദ് ഇറാന് പ്രസിഡന്റായിരുന്ന സമയത്താണ് മതകാര്യ പൊലീസ് സ്ഥാപിതമായത്. 2006ലാണ് യൂണിറ്റുകള് പട്രോളിങ് ആരംഭിച്ചത്. ഇതിനാണ് ഇപ്പോള് അന്ത്യമായിരിക്കുന്നത്.