ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ കടന്നുകയറി ആക്രമണം നടത്തിയതിന്റെ സന്തോഷത്തിലാണ് രാജ്യം. ഇന്ത്യക്കാര്‍ മാത്രമാണ് ആക്രമണത്തില്‍ സന്തോഷിക്കുന്നതെന്ന് കരുതുന്നതെങ്കില്‍ തെറ്റി. പാക്കിസ്ഥാന്റെ മറ്റൊരു അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലും ഇന്നലെ ആഘോഷമായിരുന്നു. അഫ്ഗാനില്‍ നടക്കുന്ന പല ഭീകരാക്രമണങ്ങളിലും പാക്കിസ്ഥാന്റെ പങ്ക് മുമ്പ് തെളിഞ്ഞതാണ്. അതുകൊണ്ട് തന്നെ അഫ്ഗാന് ജനതയ്ക്ക് പാക്കിസ്ഥാനോട് ഒരു താല്പര്യവുമില്ല.
ഇന്ത്യന്‍ സേന പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിലും കാബൂളിലും ബാല്ക്കിലുമെല്ലാം ഇന്ത്യയ്ക്ക് അനുകൂലമായ പ്രകടനങ്ങള്‍ നടന്നു. പാക്കിസ്ഥാന് തുലയട്ടെ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് യുവാക്കളടങ്ങിയ സംഘങ്ങള്‍ ഇന്ത്യയുടെ ആക്രമണം ആഘോഷിച്ചത്.
യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനെ പുനര്‍നിര്‍മിക്കാന്‍ കോടിക്കണക്കിനു രൂപയാണ് ഇന്ത്യ മുടക്കുന്നത്. അഫ്ഗാന് പാര്‍ലമെന്റ് മന്ദിരവും ഡാമുകളും പണിതു നല്കിയ ഇന്ത്യ ഒരു ക്രിക്കറ്റ് സ്റ്റേഡിയവും അവിടെ നിര്‍മിച്ചു നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റിലെ ഹോംഗ്രൗണ്ട് ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യയോടു വലിയ സ്നേഹമാണ് അഫ്ഗാനികള്‍ക്ക്, പ്രത്യേകിച്ച് അവിടുത്തെ യുവതലമുറയ്ക്ക്.
സോഷ്യല്‍മീഡിയയിലും അഫ്ഗാന്കാരുടെ കമന്റുകള്‍ പാക്കിസ്ഥാനെതിരേ തുരുതുരാ വന്നു വീഴുന്നുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ഇടാന്‍ ഇന്ത്യക്കാര്‍ക്കൊപ്പം മത്സരിക്കുകയാണ് അഫ്ഗാന്‍കാരും. ദീര്‍ഘകാലം പാക്കിസ്ഥാന് തീവ്രവാദത്തിന്റെ ഇരകളാണ് അഫ്ഗാനും.