കൂട്ടിക്കൽ: കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും വഴിയോര ഇരിപ്പിടങ്ങളും സാമൂഹ്യവിരുദ്ധർ തകർത്തു. കഴിഞ്ഞ പ്രളയത്തിൽ കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർന്നിരുന്നു.
പ്രദേശവാസികൾക്കും വിദ്യാർഥികൾ അടക്കമുള്ളവർക്കും വെയിലും മഴയുമേൽക്കാതെ കയറി നിൽക്കുവാൻ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം നാളുകളായി ഉയർന്നിരുന്നെങ്കിലും സാമ്പത്തിക പരാധീനത മൂലം നിർമിക്കുവാൻ പഞ്ചായത്തിനുമായില്ല.
ഇതോടെയാണ് നിലാവ് പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ താത്ക്കാലികമായി കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് യാത്രക്കാർക്ക് സൗകര്യമൊരുക്കിയത്.
ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോർഡുകളാണ് കഴിഞ്ഞദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ വലിച്ചുകീറി നശിപ്പിച്ചത്.
കൂടാതെ ഇതിനു സമീപത്തായി പുല്ലകയാറിന്റെ ഓരങ്ങളിൽ വിശ്രമിക്കുന്നതിനായി എന്റെ നാട് കൂട്ടിക്കൽ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിപ്പിടങ്ങളും സജ്ജമാക്കിയിരുന്നു. ഇവയും പിഴുതെടുത്ത് സാമൂഹ്യവിരുദ്ധർ പുല്ലുകയാറ്റിൽ തള്ളി.
വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇവ തിരിച്ചെടുത്ത് പുനഃസ്ഥാപിച്ചെങ്കിലും സാമൂഹ്യവിരുദ്ധ ശല്യത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
രാത്രികാലങ്ങളിൽ കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് മദ്യം, മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു. പോലീസ് പട്രോളിംഗ് മേഖലയിൽ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
പ്രളയം തൂത്തെറിഞ്ഞ കൂട്ടിക്കൽ പഞ്ചായത്തിനെ കരംപിടിച്ചുയർത്തുവാൻ നാട് ഒന്നിച്ച് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ഇതിനെല്ലാം വിഘാതമായി സാമൂഹികവിരുദ്ധ ശല്യം വർധിക്കുന്നത്.