കോട്ടയം: മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു പൊതുജനങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്കുമ്പോള് തിരിച്ചറിയുന്നതിനായി നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കും. സംസ്ഥാനത്ത് ആദ്യമായി നീല കവറുകളില്‍ ആന്റിബയോട്ടിക്കുകള്‍ നൽകുന്നതിന് കോട്ടയത്തു തുടക്കം കുറിക്കും.
സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് ഡോ.കെ. സുജിത്കുമാറിന്റെ നിര്‍ദേശമനുസരിച്ചാണ് കോട്ടയത്ത് പദ്ധതി ആദ്യം നടപ്പാക്കുന്നത്. മരുന്നുകള്‍ നല്‍കുന്നതിനുള്ള കവറുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയായി വരികയാണ്. തൊട്ടടുത്ത ദിവസങ്ങളില്‍ കവറുകള്‍ മരുന്നു കടകളില്‍ എത്തിക്കും.
ആദ്യഘട്ടമായി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്കു ഡ്രഗ്സ് കണ്ട്രോള് വകുപ്പാണ് ആദ്യം നീലക്കവറുകള് നല്‍കുന്നത്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയാറാക്കി അതില്‍ വേണം ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടത്. സര്‍ക്കാര്‍ ഫാര്‍മസികള്‍ക്കും ഈ നിയമം ബാധകമാണ്.
പൊതുജന ബോധവത്കരണ ആന്റി മൈക്രോബിയല്‍ പ്രതിരോധ പോസ്റ്ററിന്റെയും കവറിന്റെയും സംസ്ഥാനതല വിതരണോദ്ഘാടനം ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് (എകെസിഡിഎ) വാര്‍ഷിക പൊതുയോഗത്തില്‍ കോട്ടയത്ത് നടത്തിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ആന്റി ബയോട്ടിക്കുകള്‍ കടകളില്‍നിന്നു നീലക്കവറുകളിലായിരിക്കും നല്‍കുക.
ആറു മാസങ്ങള്‍ക്ക് മുന്‍പ് ആന്റിബയോട്ടിക് മരുന്നിട്ട് നല്കുന്ന കവറുകള്‍ക്ക് മുകളില്‍ സീല്‍ പതിച്ച് നല്കാന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷനു (എകെസിഡിഎ) മായി ബന്ധപ്പെട്ട് എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും സീല്‍ നല്‍കിയിരുന്നു.
തുടര്‍ന്നു ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കില്ലെന്ന സ്റ്റിക്കറും മെഡിക്കല്‍ സ്റ്റോറുകളില്‍ പതിപ്പിച്ചിരുന്നു. പരിഷ്കരിച്ച പുതിയ രീതി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡോക്ടറുടെ നിര്‍ദേശ പ്രകാരം കുറിപ്പടിയോടെ മാത്രം ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുക. ഒരു വ്യക്തിക്കായി ഡോക്ടര്‍ നല്കുന്ന കുറിപ്പടിയില്‍ മറ്റുള്ളവര്‍ മരുന്നുകള്‍ വാങ്ങി കഴിക്കരുത്. ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകള്‍ പൊതുസ്ഥലത്തോ ജലാശയങ്ങളിലോ ഉപേക്ഷിക്കരുത്.