കോട്ടയം: മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ആന്റിബയോട്ടിക് മരുന്നുകള്‍ ലഭിക്കാന്‍ ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി.
നിര്‍ദേശം ലംഘിച്ചു വിൽപ്പന നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു.
സര്‍ക്കാര്‍ മേഖലയിലെ കാരുണ്യ, നീതി, ജന്‍ ഔഷധി തുടങ്ങിയവയും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രി ഫാര്‍മസി തുടങ്ങിയ സ്ഥാപനങ്ങളിലും കുറിപ്പടിയില്ലാതെ വില്‍പ്പനയ്ക്ക് അനുമതിയില്ല.
ജില്ലാ ഡ്രഗ് ഇന്സ്പെക്ഷന് വിഭാഗം, ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന് (എകെസിഡിഎ) എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
ഉപയോഗത്തെക്കുറിച്ച് ജാഗ്രതാ സന്ദേശം
ആന്റിബയോട്ടിക് മരുന്നുകള്‍ നല്കുന്ന മരുന്നുകവറുകളില്‍ ആന്റിബയോട്ടിക് ഉപയോഗത്തില്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച സന്ദേശമടങ്ങുന്ന ചുവന്ന നിറത്തിലുള്ള സീല്‍ പതിപ്പിക്കണം.
സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്കു വിതരണം ചെയ്യാനുള്ള 750 റബര്‍ സീലുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എകെസിഡിഎ പ്രസിഡന്റ് കെ. ജോസഫ് സെബാസ്റ്റ്യന്‍ നല്കി ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് എകെസിഡിഎ ഭാരവാഹികളില്‍നിന്നോ ഡ്രഗ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍നിന്നോ സീല്‍ കൈപ്പറ്റാം.
ജില്ലാ രോഗനിരീക്ഷണ ഓഫീസര്‍ ഡോ. സി.ജെ. സിതാര, മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ഡ്രഗ് ഇന്‍സ്പെക്ടര്‍മാരായ സി.ഡി. മഹേഷ്, ജമീല ഹെലന് ജേക്കബ്, എന്‍.ജെ. ജോസഫ്, എകെസിഡിഎ ജില്ലാ കമ്മിറ്റി അംഗം അനീഷ് എബ്രഹാം, താലൂക്ക് കണ്‍വീനര്‍ ശൈലാ രാജന് എന്നിവര്‍ പങ്കെടുത്തു.
അനാവശ്യമായി മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നു
ആന്റിബയോട്ടിക് മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടവയാണ്. ഇവയുടെ പലതരത്തിലുള്ള ദുരുപയോഗം വലിയ പൊതുജനാരോഗ്യ ഭീഷണിയായി മാറിക്കഴിഞ്ഞു.
ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് പൂര്‍ണമായും കഴിക്കുന്നതിനു മുന്‍പു തന്നെ നിര്‍ത്തുക, നിര്‍ദേശിച്ച കാലയളവിലും കൂടുതല്‍ കഴിക്കുക, കൃത്യമായി കഴിക്കാതിരിക്കുക, മുന്‍പ് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് വീണ്ടും ഉപയോഗിക്കുക, മറ്റൊരാള്‍ക്ക് സമാനമായ രോഗത്തിന് നിര്‍ദേശിച്ച മരുന്ന് വാങ്ങി കഴിക്കുക തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ടുവരുന്ന പ്രവണതകള്‍.
പനി തൊണ്ടവേദന, ജലദോഷം എന്നിവയ്ക്കും അനാവശ്യമായി ആന്റിബയോട്ടിക് മരുന്നുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണതയുണ്ട്.
മൃഗങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും രോഗം ബാധിക്കാതിരിക്കാന്‍ മുന്‍കൂട്ടി ആന്റിബയോട്ടിക്കുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്കുന്ന പ്രവണതയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൃഗങ്ങള്‍ക്കും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കരുത്.