ഒരു നൂറ്റാണ്ടു മുന്പ് രോഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് ഉപയുക്തമായ മരുന്നുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അലക്സാണ്ടർ ഫ്ളെമിങ്, പൊതുവെ അലസൻ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സ്കോട്ടിഷ് ഗവേഷകൻ, വളരെ യാദൃശ്ചികമായാണ് ’പെൻസിലിൻ’ എന്ന ആദ്യ ആന്റിബയോട്ടിക് കണ്ടെത്തിയത്.
ഇതു വൈദ്യശാസ്ത്ര രംഗത്തു വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിച്ചു. ഈ അദ്ഭുതമരുന്നുകളുടെകണ്ടുപിടിത്തത്തോടെ, ഒരിക്കൽ മാരകമെന്നു കരുതിയിരുന്ന പല രോഗങ്ങളും നിസാരവത്കരിക്കപ്പെട്ടു.
സൂപ്പർ ബഗുകൾ
പിന്നീടുള്ള നാലു ദശകക്കാലം പല വിഭാഗത്തിൽപ്പെട്ടആന്റി ബയോട്ടിക്കുകൾ വികസിപ്പിക്കപ്പെട്ടു. പല സാംക്രമിക രോഗങ്ങളും തുടച്ചുനീക്കാമെന്ന അമിതമായ ആത്മവിശ്വാസമാണ് ഇതു മാനവരാശിക്ക് നൽകിയത്.
പക്ഷേ, സംഭവിച്ചതു നേരെ മറിച്ചാണ്. ആന്റിബയോട്ടിക്കുകളും ബാക്ടീരിയയുമായുളള യുദ്ധത്തിൽ, പ്രതിരോധമാർജിച്ച ബാക്ടീരിയ അഥവാ സൂപ്പർ ബഗുകൾ ഉദയം ചെയ്തു.
ആന്റിബയോട്ടിക് റെസിസ്റ്റൻസ് അഥവാപ്രതിരോധം എങ്ങനെ ഉണ്ടാകുന്നു?
ബാക്റ്റീരീയ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചികിൽസിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. സൂപ്പർ ബഗ്ഗുകൾ ഉദയം ചെയ്യുന്നതിനുള്ള പ്രധാനകാരണം ആന്റിബയോട്ടിക്കുമായുള്ള സന്പർക്കമാണ്.
അത് ശരിയായ രീതിയിലുള്ളതോ, ദുരുപയോഗമോ ആയിക്കൊള്ളട്ടെ. ബാക്ടീരിയ സ്വന്തം നിലനിൽപ്പിനു വേണ്ടി പരിണാമത്തിന്റെ ഭാഗമായ പ്രകൃതി നിർദ്ധാരണത്തിനു വിധേയമാകുന്നു.
അതായത് ഒരു ചെറിയ വിഭാഗം ബാക്റ്റീരിയ ജനിതകമാറ്റം വഴി പ്രതിരോധം ആർജിക്കുകയും അവ ക്രമേണ ആധിപത്യം നേടുകയും ചെയ്യുന്നു.
നമ്മുടെ ആശുപത്രികളിൽ സാധാരണയായി കാണുന്നതും എന്നാൽ ചികിത്സിക്കാൻ പ്രയാസമേറിയതുമായ സൂപ്പർ ബഗ്ഗുകളാണ് എംആർഎസ്എ, എംഡിആർ ടി ബി, ആന്റിബയോട്ടിക്ക് റസിസ്റ്റൻസ് ജി എൻ ബി എന്നിവ.
നാലു ഘട്ടം പരീക്ഷണങ്ങൾ
കഴിഞ്ഞ 30 വർഷക്കാലം വളരെ ചുരുക്കം ചില ആന്റിബയോട്ടിക്കുകൾ മാത്രമേ പുതുതായി വിപണിയിൽ എത്തിയിട്ടുള്ളു. ഒരു മരുന്ന് നാല് ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾ കഴിഞ്ഞു വിപണിയിൽ എത്താൻ ചുരുങ്ങിയത് 10-15 വർഷം എങ്കിലും വേണ്ടിവരും.
പുതിയ മരുന്നുകൾ ഉപയോഗിക്കാൻചില നിയന്ത്രണങ്ങൾ ഉള്ളതിനാലും ബാക്റ്റീരിയ വളരെ പെട്ടെന്നുതന്നെ പ്രതിരോധം ആർജിക്കുന്നതിനാലും ഇതു ലാഭകരമായ ഒരു സംരംഭം അല്ല. അതുകൊണ്ടു തന്നെ, മരുന്നുകന്പനികൾ ഈ മേഖലയിൽ മുതൽ മുടക്കുവാൻ വിമുഖത കാട്ടുന്നു.
ഫലപ്രദമായ ആന്റിബയോട്ടിക് ഇല്ലെങ്കിൽ…
ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ ഇല്ലെങ്കിൽ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ, അവയവമാറ്റ ശാസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സാ രീതികൾ അപകടം നിറഞ്ഞതും, സമീപഭാവിയിൽ ഒരുപക്ഷേ, അസംഭവ്യവും ആയെന്നു വന്നേക്കാം.
നമ്മൾ ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കുന്നതിനു മുൻപുളള ആ പഴയ യുഗത്തിലേക്ക് പിന്നാക്കം പോവുകയാണോ? അല്ല. നാം ആന്റിബയോട്ടിക്ക് യുഗത്തിനു ശേഷമുളള ഒരു പുതിയ കാലഘട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചാലും അണുബാധ വഴി മരണത്തിനു കീഴടങ്ങേണ്ടി വരുന്ന ദുരവസ്ഥ! ചെറിയ മുറിവുകളും തൊണ്ടയിലുളള അണുബാധയും മറ്റും മരണത്തിലേക്ക് നയിച്ചേക്കാവുന്ന വിചിത്രമായ അവസ്ഥയെപ്പറ്റിചിന്തിച്ചു നോക്കൂ.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. നിമ്മി പോൾ,
അസിസ്റ്റന്റ് പ്രൊഫസർ,മൈക്രോ ബയോളജി
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കോട്ടയം.