കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് പരിശോധനയിൽ പാളിച്ചകളെന്ന് ആക്ഷേപം. സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ആന്റിജന്‍ ടെസ്റ്റാണ് നടത്തുന്നത്.
എന്നാല്‍ ആന്റിജന്‍ ടെസ്റ്റിന്റെ ഫലപ്രാപ്തിയെകുറിച്ചാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഇതിന് കൃത്യത കുറവാണ്. മികച്ച നിലവാരമുള്ള കിറ്റ് ഉപയോഗിച്ചാല്‍ പോലും കൃത്യതാ നിരക്ക് 50 ശതമാനം മാത്രമാണ്.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടറെ കാണണമെങ്കിൽ ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
ടെസ്റ്റ് നടത്തി കഴിയുമ്പോള്‍ തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റിനു ജീവനക്കാര്‍ നിർദേശിക്കാറുണ്ടെങ്കിലും മിക്കവരും ചെയ്യാറില്ല.
കടുത്ത പനിയും ചുമയും ഉള്ളവര്‍ക്കുപോലും ടെസ്റ്റില്‍ നെഗറ്റീവ് കാണിക്കുന്നതായും പരാതി ഉയരുന്നുണ്ട്.
ആന്റിജന്‍ ടെസ്റ്റിനുപയോഗിക്കുന്ന കിറ്റിന്റെ ഗുണമേന്മയിലും പൊതുജനാരോഗ്യ വിദഗ്ധനും ഓള് ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാനുമായ ഡോ..എസ്.എസ്. ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയം പ്രകടിപ്പിക്കുന്നു.
കേരളത്തില്‍ 30 ശതമാനം ആളുകള്‍ക്കു മാത്രമേ ആര്‍ടിപിസിആര്‍ ചെയ്യുന്നുള്ളൂ. തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളില്‍ ഇത് നൂറു ശതമാനമാണ്.
ആന്റിജന്‍ പരിശോധനാ ഫലം പോസിറ്റിവ് ആണെങ്കില്‍ മറ്റൊരു ടെസ്റ്റിന്റെയും ആവശ്യമില്ലാതെ ത്തന്നെ രോഗം ഉറപ്പിക്കാന്‍ കഴിയും.
എന്നാല്‍ നെഗറ്റീവാണെങ്കില്‍ രോഗം സംശയിക്കുന്നവരില്‍ തുടര്‍ന്ന് പിസിആര്‍ പരിശോധന കൂടി നടത്തി ഫലം ഉറപ്പിക്കേണ്ടതുണ്ട്.
ഇത് ഉറപ്പാക്കുന്നതിലാണു നമുക്ക് പിഴവ് സംഭവിക്കുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പലകാര്യങ്ങള്‍ക്കും സര്‍ക്കാര്‍ കര്‍ശനമാക്കിയതോടെ അതിനുവേണ്ടിമാത്രം ആന്റിജന്‍ ടെസ്റ്റ് നടത്തുന്ന സാഹചര്യമാണ് ഉള്ളതെന്നും ഡോ. എസ്.എസ്. ലാല്‍ ചൂണ്ടിക്കാട്ടുന്നു.