കോട്ടയം: കോവിഡ് ബാധിച്ചോ എന്ന സംശയം തീർക്കാൻ ആർടിപിസിആർ ടെസ്റ്റ് ഒഴിവാക്കി ആന്റിജൻ കിറ്റ് വാങ്ങി സ്വയം പരിശോധന നടത്തുന്നവരുടെ എണ്ണം കൂടുന്നു.
ലാബുകളിലെ തിരക്കിൽനിന്നും ഫലം ലഭിക്കാനുള്ള കാത്തിരിപ്പ് ഒഴിവാകാമെന്നതാണ് കൂടുതൽ പേരെ കിറ്റ് വാങ്ങാൻ പ്രേരിപ്പിക്കുന്നതെന്ന് മെഡിക്കൽ സ്റ്റോർ ഉടമകൾ പറയുന്നു.
ചെറിയ രോഗ ലക്ഷണമുള്ളവരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെടുന്പോൾ, സ്വന്തമായി പരിശോധന നടത്താനുള്ള സംവിധാനം ആളുകൾക്ക് സഹായകമാകുന്നുണ്ട്.
15 മുതൽ 30 മിനിറ്റിനുള്ളിൽ പരിശോധനാ ഫലമറിയാൻ കഴിയുന്ന കിറ്റുകളാണു വിപണിയിൽ ലഭിക്കുന്നത്.
നിലവിൽ പാൻ ബയോ, കോവി സെൽഫ്, കോവി ഫൈൻഡ് തുടങ്ങി ഏഴു കന്പനികൾ നിർമിക്കുന്ന കിറ്റുകൾക്കാണ് ഇന്ത്യൻ കൗണ്‍സിൽ ഒാഫ് മെഡിക്കൽ റിസർച്ചിന്റെ അംഗീകാരമുള്ളത്.
250 – 350 രൂപ വരെയാണ് വില. മെഡിക്കൽ സ്റ്റോറിനു പുറമേ ഓണ്‍ലൈൻ വിപണിയിലും ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്.
രണ്ടു വയസ് മുതലുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതും 18 വയസിനു ശേഷം മാത്രം ഉപയോഗിക്കാൻ കഴിയുന്നതും എന്നിങ്ങനെ പല തരത്തിലാണ് കിറ്റുകളാണ് ഓണ്‍ലൈനിൽ സ്റ്റോക്കുള്ളത്.
ഒരു ബഫർ ട്യൂബ്, അണുവിമുക്ത നാസൽ സ്വാബ് സിറിൽ, ഡിസ്പോസിബിൾ ബാഗ്, നിർദേശ മാനുവൽ എന്നിവയോട് കൂടിയാണ് കിറ്റ് ലഭിക്കുന്നത്.
എല്ലാ പരിശോധനകളുടെയും ഫലം സർക്കാരിനെ അറിയിക്കണമെന്നാണ് നിയമം.
എന്നാൽ സ്വയം പരിശോധനയിൽ ഫലം പോസിറ്റീവാകുന്ന എത്രപേർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുന്നു എന്നത് ചോദ്യചിഹ്നമാണ്.
ആന്റിജൻ കിറ്റ് വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല.
ആശുപത്രിയിലോ ലാബിലോ പോകാതെ വീട്ടിലിരുന്ന് പരിശോധന നടത്താമെന്നതാണ് കോവിഡ് മൂന്നാം തരംഗത്തിൽ പരിശോധനാ കിറ്റുകളുടെ ഡിമാൻഡ് വർധിപ്പിച്ചത്.