ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ് നടത്തി ഗവേഷകർ. 3,500ലേറെ വർഷം മുൻപത്തെ വെങ്കലയുഗത്തിലെ നിരവധി ആഭരണങ്ങളാണു പാടത്തുനിന്നു കണ്ടെത്തിയത്.
വൃത്താകൃതിയിലുള്ള 14 വെങ്കലത്തകിടുകൾ, രണ്ട് മോതിരം, 100ലധികം ചെറിയ ആമ്പർ മുത്തുകൾ, സ്വർണം കൊണ്ടു നിർമിച്ച ചുരുളുകളായുള്ള കമ്പികൾ എന്നിവയാണു ലഭിച്ചത്. വെങ്കലത്തകിടുകൾ ഒരു മാലയുടെ ഭാഗമായിരുന്നുവെന്നും കമ്പിയിൽ കോർത്തിടാനുള്ള ഭാഗങ്ങൾ അതിനുള്ളന്നതായും ഗവേഷകർ പറഞ്ഞു. ബിസി1500നടുത്ത് മധ്യ വെങ്കലയുഗത്തിൽ ഉപയോഗിച്ചിരുന്ന ആഭരണങ്ങളാണ് ഇവയെന്നും ഗവേഷകർ പറയുന്നു.
ആഭരണങ്ങൾക്ക് പുറമേ, ബീവർ പല്ല്, കരടി പല്ല്, ഫോസിലൈസ് ചെയ്ത സ്രാവിന്റെ പല്ല്, റോക്ക് ക്രിസ്റ്റൽ, വെങ്കല അമ്പടയാളം എന്നിവയും കണ്ടെടുത്തു. മാലയൊഴികെയുള്ളവ എന്തിനായി ഉപയോഗിച്ചതാണെന്നു വ്യക്തമല്ല. ഇവ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങളോ ശവക്കുഴിയുടെ തെളിവുകളോ കണ്ടെത്താനാകാത്തതിനാൽ, ഭരണിയിൽ ആരോ അടക്കം ചെയ്തതാണെന്നാണു നിഗമനം. ഇതു കാലക്രമേണ ചിതറിപ്പോകുകയായിരുന്നു. ഈ പുരാവസ്തുക്കൾ ധനികയായ സ്ത്രീയുടേതാകാമെന്നും കരുതുന്നു.
മെറ്റൽ ഡിറ്റക്ടറിസ്റ്റായ ഫ്രാൻസ് സാൻ ആണ് വിളവെടുപ്പു കഴിഞ്ഞ കാരറ്റ് പാടത്തുനിന്ന് ഇവ കണ്ടെത്തിയത്. തുർഗൗ കന്റോൺ മേഖലയിൽ വർഷങ്ങളായി ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണ് സാൻ. നേരത്തെ നിരവധി വെങ്കല അലങ്കാര ഡിസ്കുകൾ ഇദ്ദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് മേഖലയിൽ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.